Asianet News MalayalamAsianet News Malayalam

കീറാമുട്ടിയായി കോട്ടയത്ത് സീറ്റ് വിഭജനം: എൽഡിഎഫിലും യുഡിഎഫിലും തർക്കം

ജോസഫ് വിഭാ​ഗത്തിന് അധികം സീറ്റ് നൽകിയതും സീറ്റ് കിട്ടാതെ ലീ​ഗ് പ്രതിഷേധം കടുപ്പിച്ചതുമാണ് യുഡിഎഫിൽ പ്രതിസന്ധിക്ക് വഴി തുറന്നത്. 

conflict in LDF and UDF over local boy seat allocation
Author
Kottayam, First Published Nov 14, 2020, 11:10 AM IST

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയത്ത് മുന്നണികളിൽ തർക്കം തുടരുന്നു. പുതുതായി മുന്നണിയിലെത്തിയ കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗത്തിന് സീറ്റ് വീ‌ട്ടു കൊടുക്കുന്നതിനെതിരെ സിപിഐ രം​ഗത്തുവന്നതാണ് എൽഡിഎഫിൽ പ്രതിസന്ധിക്ക് കാരണം. ജോസഫ് വിഭാ​ഗത്തിന് അധികം സീറ്റ് നൽകിയതും സീറ്റ് കിട്ടാതെ ലീ​ഗ് പ്രതിഷേധം കടുപ്പിച്ചതുമാണ് യുഡിഎഫിൽ പ്രതിസന്ധിക്ക് വഴി തുറന്നത്. 

സീറ്റ് വിഭജനത്തിൽ കോട്ടയത്തെ എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന് കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗം തുറന്നടിച്ചിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ്ജ് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. 

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്. ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സിപിഐയും സിപിഎമ്മും വിട്ട് വീഴ്ചയ്ക്ക് തയ്യാറാകണമെന്നും സ്റ്റീഫൻ ജോര്‍ജ്ജ് പറഞ്ഞു. വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ് അതേ നയം അവരും സ്വീകരിക്കണം. സിപിഐയും സിപിഎമ്മും സീറ്റുകൾ വിട്ടു തരാൻ തയ്യാറാവണമെന്നും സ്റ്റീഫൻ ജോ‍ർജ് പറഞ്ഞു. 

എന്നാൽ ജോസ് വിഭാ​ഗത്തിന് സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും അറ്റകൈക്ക് പാലാ ന​ഗരസഭയിൽ തനിച്ചു മത്സരിക്കുമെന്നുമാണ് സിപിഐയുടെ മുന്നറിയിപ്പ്. വിഷയം ച‍ർച്ച ചെയ്യാൻ പാർട്ടിയുടെ നിർണായക ജില്ലാ എക്സിക്യുട്ടീവ് യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. ഈ യോ​ഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കുന്നുണ്ട്. 

കോട്ടയം ജില്ലാ പഞ്ചായത്തിനേയും പാലാ ​ന​ഗരസഭയേയും ചൊല്ലിയാണ് സിപിഐയും കേരള കോൺ​ഗ്രസും തമ്മിൽ പ്രധാനമായും ത‍ർക്കം നിലനിൽക്കുന്നത്. ജില്ലാ പഞ്ചായത്തിൽ അഞ്ച് സീറ്റിൽ മത്സരിച്ചു വന്ന സിപിഐ ഒരു സീറ്റ് കേരള കോൺ​ഗ്രസിന് വിട്ടു കൊടുത്തെങ്കിലും ഒരു സീറ്റ് കൂടി കൊടുക്കണം എന്നാണ് സിപിഎമ്മിൻ്റെ നി‍ർദേശം എന്നാൽ ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ നിലപാട്. 

പാലായിൽ ഏഴ് സീറ്റുകളിൽ മത്സരിച്ച സിപിഐ അത്ര തന്നെ സീറ്റുകളാണ് ഇക്കുറിയും ആവശ്യപ്പെട്ടത്. എന്നാൽ കേരള കോൺ​ഗ്രസ് 13 സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ വീട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. എന്നാൽ ഒരു തരത്തിലുള്ള ഒത്തുതീ‍ർപ്പിനും ഇവിടെ സിപിഐ തയ്യാറായിട്ടില്ല. സിപിഎം എന്തെങ്കിലും വാ​ഗ്ദാനം കൊടുത്തെങ്കിൽ അതു അവരുടെ ഉത്തരവാദിത്തതിൽ തന്നെ നടപ്പാക്കണമെന്നും തങ്ങൾ നഷ്ടം സഹിക്കില്ലെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി തന്നെ പറയുന്നത്.

പ്രധാനമായും മുന്നണിയിലെ രണ്ടാമനാര് എന്നതിനെ ചൊല്ലിയാണ് സിപിഐ കേരള കോൺ​ഗ്രസിനെ എതിർക്കുന്നത്. കോട്ടയം ജില്ലയിൽ തങ്ങളാണ് ശക്തരെന്നും അതിനാൽ കോട്ടയത്തെ മുന്നണിയിൽ തങ്ങളാണ് രണ്ടാമതെന്നും കേരള കോൺ​ഗ്രസ് വാദിക്കുന്നു. സിപിഐയെ കൂടാതെ ജോസ് വിഭാ​ഗത്തിൻ്റെ വരവോടെ എൻസിപിയും കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ തവണ പാലാ മുൻസിപ്പാലിറ്റിയിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ച എൻസിപിക്ക് രണ്ടിടത്തും ഇക്കുറി എൽഡിഎഫ് സീറ്റ് നിഷേധിച്ചു.

കോട്ടയത്തെ യുഡിഎഫിലും സീറ്റ് വിഭജനത്തെ ചൊല്ലി ത‍‍ർക്കം തുടരുകയാണ്.  മുസ്ലീം ലീ​ഗാണ് യുഡിഎഫിൽ പ്രതിഷേധവുമായി രം​ഗത്തുള്ളത്. ജില്ലാ പഞ്ചായത്തിൽ തങ്ങളുടെ ശക്തി കേന്ദ്രമായ എരുമേലി ഡിവിഷൻ മത്സരിക്കാൻ വിട്ടു കൊടുക്കാതിരുന്നതാണ് ലീ​ഗിനെ പ്രകോപിപ്പിച്ചത്. ഇതോടെ കോട്ടയത്തെ അഞ്ച് ഡിവിഷനിലും തനിച്ചു മത്സരിക്കും എന്ന് ലീ​ഗ് നിലപാട് എടുത്തു. 

വിഷയത്തിൽ പികെ കുഞ്ഞാലിക്കുട്ടി ഇടപെടുകയും ഇതിനു തുട‍ർച്ചയായി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്ടിൽ ഇന്ന് ഒത്തുതീ‍ർപ്പ് ച‍ർച്ചകൾ നടക്കുകയും ചെയ്തു. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും മുസ്ലീം ലീ​ഗ് പിന്മാറിയതായാണ് ലീ​ഗ് നേതൃത്വം ഇപ്പോൾ വ്യക്തമാക്കുന്നത്. ലീ​ഗിൻ്റെ ശക്തികേന്ദ്രങ്ങളിലടക്കം സംവരണ വാ‍ർഡുകളായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കോൺ​ഗ്രസിൻ്റെ നിസഹായാവസ്ഥത അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഡിസിസി അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios