പത്തനംതിട്ട: മകരവിളക്ക് കാലത്ത് ശബരിമലയിലെ പ്രതിദിന തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. കോടതി തീരുമാനം നീളുന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗും പ്രതിസന്ധിയിലായി.

ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും, കൊവിഡ് ഭിഷണിയുണ്ടെന്ന ആരോഗ്യവകുപ്പിന്‍റെ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ തീരുമാനം വൈകി. കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം എംപ്ലോയീസ് അസോസിയേഷന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഇതേ തുടര്‍ന്ന് മണ്ഡല മാസ തീര്‍ത്ഥാടനത്തിന്‍റെ അവസാന നാലുദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം 5000മാക്കി ഉയര്‍ത്തി. 

മകരവിളക്ക് തീര്‍ത്ഥാടന കാലത്തേക്കായി ബുധനാഴ്ച വൈകിട്ട് നടതുറക്കും. ഇതിനായുള്ള വെര്‍ച്വുല്‍ ക്യൂ ബുക്കിംഗ് തുടങ്ങിയിട്ടില്ല. ഇതിനിടെ തീര്‍ത്ഥാകരുടെ എണ്ണം കൂട്ടാനുള്ള ഹൈക്കേോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ലെങ്കിലും സുപ്രീംകോടതി വിശദീകരണം ചോദിച്ചാല്‍ സര്‍ക്കാരിനെതിരെ ദേവസ്വം ബോര്‍ഡ‍് നിലപാട് സ്വീകരിക്കില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ബാറുകളടക്കം തുറന്ന സര്‍ക്കാര്‍, ശബരിമലയുടെ കാര്യത്തില്‍ കടുംപിടുത്തം കാണിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശനമുയരുന്നു.