കണ്ണൂരിലെ ആന്തൂരിലും മലപ്പട്ടത്തും സിപിഎം ഭീഷണി മൂലം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാനായില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സ്ഥാനാർത്ഥികളെ കിട്ടാത്തതിന് തങ്ങളെ കുറ്റം പറയേണ്ടതില്ലെന്ന് സിപിഎം മറുപടി
കണ്ണൂർ: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. ആന്തൂരിലും മലപ്പട്ടത്തും സിപിഎം ഏകാധിപത്യം അനസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സ്വയം പിന്‍മാറിയതിന് പാര്‍ട്ടിയെ കുറ്റം പറയേണ്ടെന്നാണ് സിപിഎമ്മിന്‍റെ മറുപടി. മലപ്പട്ടത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി.
വര്‍ഷങ്ങളായി ആന്തൂരില്‍ സിപിഎം തുടരുന്ന ഭീഷണി മൂലമാണ് യുഡിഎഫിന് മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാത്തതെന്നാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീടിരിക്കുന്ന വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാർത്ഥി പാടില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും മുന്‍ നഗരസഭാ അധ്യക്ഷ കൂടിയായ പികെ ശ്യാമളയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ കിട്ടാത്തതിന് സിപിഎം എന്തു പിഴച്ചുവെന്നാണ് മുൻ നഗരസഭാ അധ്യക്ഷയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യയുമായ പികെ ശ്യാമളയുടെ ചോദ്യം.
നാമനിര്‍ദേശ പത്രികപോലും നല്‍കാന്‍ അനുവദിക്കാത്തത് ഫാസിസമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഭീഷണിപ്പെടുത്തിയാണ് ചില വാര്‍ഡുകളില്‍ സിപിഎം ഏകപക്ഷീയമായി ജയിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പറയുന്നു. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടുവീതം വാര്‍ഡുകളില്‍ സിപിഎം ഭീഷണി മൂലം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തി പത്രിക തള്ളിച്ചതായും ഇവർ പരാതി ഉന്നയിക്കുന്നു.


