മുമ്പ് പരാതികള്‍ നല്‍കിയപ്പോഴും കെപിസിസി നേതൃത്വത്തോട് മൃദു സമീപനമാണ് താരിഖ് അൻവർ കാണിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം : പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കത്തിന് അയവില്ല. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ നാളെയെത്തുമെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. താരിഖ് അൻവറിൽനിന്ന് നീതി കിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. ഹൈക്കമാൻഡിനെ സമീപിക്കാൻ തന്നെയാണ് തീരുമാനം. മുമ്പ് പരാതികള്‍ നല്‍കിയപ്പോഴും കെപിസിസി നേതൃത്വത്തോട് മൃദുസമീപനമാണ് താരിഖ് അൻവർ കാണിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച കേരളത്തില്‍ തന്നെ മതിയെന്നാണ് എഐസിസി നിലപാട്. താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാകും. അതേസമയം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് വി ഡി സതീശനെതിരായ പടയൊരുക്കത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍.
അതിനിടെ, ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിഡി സതീശന്‍ രംഗത്തെത്തി. നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞ സതീശന്‍ ആരോടും വഴക്കിനില്ലെന്നും പ്രതികരിച്ചു. എ,ഐ ഗ്രൂപ്പുകളുടെ സംയുക്ത ഗ്രൂപ്പ് യോഗത്തെ കെ. മുരളീധരനും എതിര്‍ത്തു. പരാതി അറിയിക്കാൻ ഗ്രൂപ്പ് നേതാക്കള്‍ ദില്ലിക്ക് തിരിക്കാനിരിക്കെ ബ്ലോക്ക് പുനഃസംഘടന തര്‍ക്കത്തിൽ ഇടപെടേണ്ടെന്നും കെപിസിസി തലത്തില്‍ തീര്‍ക്കട്ടെയെന്നുമാണ് എഐസിസി നിലപാട്.
തനിക്കെതിരെ ഒന്നിച്ചുനീങ്ങാനുള്ള ഗ്രൂപ്പുനേതൃത്വങ്ങളുടെ തീരുമാനത്തെ രാഷ്ട്രീയ എതിരാളികളുമായുള്ള ഗൂഢാലോചനയുടെ ആലയില്‍ കെട്ടിയിടുകയാണ് വിഡി സതീശന്‍. ഗ്രൂപ്പ് നേതാക്കള്‍ ചെയ്യുന്നത് ശരിയാണോ എന്ന് അവര്‍ തന്നെ ആത്മപരിശോധന നടത്തണം. ഏറ്റവും പ്രതിസന്ധി ഘട്ടത്തിലാണ് നേതൃത്വം ഏറ്റെടുത്ത് മുന്നോട്ടുപോകുന്നത്. നേതൃത്വത്തിന്‍റെ പ്രിവിലേജ് നീതിപൂര്‍വമായാണ് വിനിയോഗിച്ചതെന്നും സതീശന്‍ പറയുന്നു. പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്പ് വേണ്ടന്നെ നിലപാട് എടുത്ത സതീശനെ പിന്തുണയ്ക്കുന്നതാണ് കെ മുരളീധരന്‍റെയും പ്രതികരണം. ഗ്രൂപ്പ് മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് നേതാക്കള്‍ തന്നെ ഫ്രാക്ഷന്‍റെ ഭാഗമാകുന്നത് ശരിയല്ലെന്നും താന്‍ ഒരു പക്ഷത്തിന്‍റെയും ഭാഗമല്ലെന്നും മുരളീധരന്‍ പറഞ്ഞു. പുനസംഘടനയുടെ പേരിലുണ്ടായ തര്‍ക്കം സംസ്ഥാനത്തു തന്നെ തീര്‍ക്കാവുന്നതാണ്എ ല്ലാ കാര്യത്തിലും ഹൈക്കമാന്‍റിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

