തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേതൃമാറ്റ ചര്‍ച്ചകൾ സജീവമായ കോൺഗ്രസിലും യുഡിഎഫിലും ജന പിന്തുണ ആര്‍ക്കെന്ന ചോദ്യമാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. കൊവിഡ് കാലത്ത് അടക്കം  സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി കഥകൾ തുറന്ന് കാണിച്ചെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങി ദേശീയ കോൺഗ്രസ് നേതൃത്വത്തിൽ സജീവമായ കെസി വേണുഗോപാലിന്‍റെ പേര് വരെ നേതൃമാറ്റ ചര്‍ച്ചകളിൽ സജീവവുമാണ്. 

പ്രതിപക്ഷ നേതാവിനപ്പുറത്ത് കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ചത് 47 ശതമാനം പേരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് സര്‍വെയിൽ പങ്കെടുത്ത 13 ശതമാനം പേര്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 12 ശതമാനം പേരുടെ പിന്തുണയാണ്. 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കം തെരഞ്ഞെടുപ്പ് കാലം അടുത്തെത്തി നിൽക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എങ്ങനെ  ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ. രണ്ട് ദിവസങ്ങളിലായാണ് സര്‍വെ ഫലം പുറത്ത് വിടുന്നത്.