സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട് 2017ൽ തന്നെ താൻ നൽകിയിരുന്നു എന്ന് ആലപ്പുഴ പല്ലന സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ. എന്നാൽ തൻറെ റിപ്പോർട്ടിന്മേൽ തുടരന്വേഷണം ഉണ്ടായില്ലെന്നനും അദ്ദേഹം.

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ തിരോധാനത്തിൽ വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട് 2017ൽതന്നെ താൻ നൽകിയിരുന്നുവെന്ന് ആലപ്പുഴ പല്ലന സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൻ്റെ റിപ്പോർട്ടിന്മേൽ തുടരന്വേഷണം ഉണ്ടായില്ല. സുകുമാരക്കുറുപ്പ് എവിടെയുണ്ട് എന്നതിലേക്ക് സൂചന നൽകുന്ന തെളിവുകൾ ഉത്തരവാദിത്തപ്പെട്ട ചിലർക്ക് താൻ കൈമാറിയിട്ടുണ്ടായിരുന്നെന്നും അലി അക്ബർ അവകാശപ്പെടുന്നു.

സുകുമാരക്കുറുപ്പിനെ കണ്ടെത്തണമെന്ന് 2017ൽ അന്നത്തെ ക്രൈംബ്രാഞ്ച് തലവനായിരുന്ന നിധിൻ അഗർവാൾ തന്നോട് ആവശ്യപ്പെട്ടതായി അലി അക്ബർ പറയുന്നു. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യം കണ്ടെത്തണമെന്നും മരിച്ചിട്ടുണ്ടെങ്കിൽ കുഴിമാടം എവിടെയാണെന്ന് കണ്ടെത്തണമെന്നും ക്രൈംബ്രാഞ്ച് മേധാവി ആവശ്യപ്പെട്ടു. തന്നെക്കൊണ്ട് കഴിയുമെന്ന് പറഞ്ഞ് തൻ്റെ പേരിൽ ഉത്തരവിറക്കിയെന്നും അലി അക്ബർ പറഞ്ഞു.

സപ്രവർത്തകനായ ശ്യാം ജിയും താനും സുകുമാരക്കുറുപ്പിനായി നിരവധി മേഖലകളിൽ സഞ്ചരിച്ചു. മഫ്തിയിലും മറ്റുമായി നടത്തിയ അന്വേഷണത്തിൽ സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ശേഖരിച്ചു. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാൻ കഴിയുന്ന നിരവധി വിവരങ്ങൾ കുറുപ്പിൻ്റെ കുടുംബാംഗങ്ങളായ ചിലരിൽനിന്ന് ലഭിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് മേധാവിയായ നിധിൻ അ​ഗ‍ർവാളിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. നിധിൻ അഗർവാളിനെ ക്രൈംബ്രാഞ്ചിൻ്റെ ചുമതലയിൽനിന്ന് മാറ്റിയതോടെ റിപ്പോർട്ടിന്മേൽ തുടരന്വേഷണം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

YouTube video player

മാവേലിക്കര സ്റ്റേഷനിൽ എസ്ഐയായിരിക്കുമ്പോൾ സുകുമാരക്കുറുപ്പിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചതായും അലി അക്ബർ പറയുന്നു. ഇക്കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അടുത്ത കാലത്ത് സുകുമാരക്കുറുപ്പിൻ്റെ കേസ് അന്വേഷിക്കാൻ പോകുന്നുവെന്ന വാർത്ത വന്നതിനെ തുടർന്ന് മാധ്യമപ്രവർത്തകർ സമീപിച്ചപ്പോൾ തൻ്റെ കൈവശമുള്ള വിവരങ്ങൾ അവർക്ക് നൽകി. തുടർന്ന് സുകുമാരക്കുറുപ്പ് ജോൺ മേനോൻ എന്ന പേരിൽ ബ്രൂണെയിൽ ഉണ്ടെന്നുള്ള വ്യക്തമായ വിവരം ലഭിച്ചു. ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരനാണെന്നാണ് ജോൺ മേനോൻ്റെ പാസ്പോ‍ർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. സുകുമാരക്കുറുപ്പ് അവിടെ നിന്ന് രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും അലി അക്ബ‍ർ പറഞ്ഞു. കേസിൻ്റെ തുടക്കം മുതൽ ഒരുപാട് പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നും ഒരുഘട്ടത്തിലും ആത്മാർത്ഥമായ അന്വേഷണം നടന്നിട്ടില്ലെന്നും സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് നൂറുശതമാനം വിശ്വാസമുണ്ടെന്നും അലി അക്ബർ കൂട്ടിച്ചേ‍ർത്തു.