Asianet News MalayalamAsianet News Malayalam

നസീർ വധശ്രമക്കേസിൽ എഎൻ ഷംസീറിനെ അറസ്റ്റ് ചെയ്യണം: ഉപവാസ സമരവുമായി കോൺഗ്രസ്

ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലുള്ള സമരം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും

congress fasting strike seeking for the arrest of an shamseer mla in cot naseer murder attempt
Author
Vadakara, First Published Jun 13, 2019, 6:59 AM IST

വടകര: വിവാദമായ സിഒടി നസീർ വധശ്രമ കേസിൽ ആരോപണ വിധേയനായ എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസ് ഉപവാസ സമരം നടത്തും. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലുള്ള സമരം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. 

കേസിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു. ഒരു കത്തിയും ഇരുമ്പ് ദണ്ഡുമാണ് തലശേരി വാവാച്ചിമുക്കിൽ പ്രതികളിലൊരാളായ റോഷനുമായെത്തി പൊലീസ് കണ്ടെടുത്തത്.

11 പ്രതികളുണ്ടെന്ന് സംശയിക്കുന്ന കേസിൽ അഞ്ച് പേരാണ് ഇതുവരെ പിടിയിലായത്. പൊലീസ് അന്വേഷിക്കുന്ന 3 പേരുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി കോടതിയുടെ പരിഗണനയിലാണ്. കാവുംഭാഗം സ്വദേശികളായ മിഥുൻ, വിപിൻ, ജിതേഷ് എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് തീരുമാനമുണ്ടായക്കും. 

സംഭവം നടന്ന് 25 ദിവസങ്ങൾക്ക് ശേഷമാണ് ആയുധങ്ങൾ കണ്ടെത്തുന്നത്. സംഭവത്തിൽ പൊലീസിനെതിരെ വലിയ ആക്ഷേപങ്ങൾ നിലനിൽക്കുമ്പോഴാണ് ആയുധങ്ങൾക്കായി പൊലീസ് വാവാച്ചിമുക്കിൽ പ്രതി റോഷന്‍റെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്. 

താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് പോകുന്ന റോഡിൽ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞ കത്തി റോഷൻ പൊലീസിന് കാണിച്ചു കൊടുത്തു. കത്തിക്ക് ഒരടി നീളമുണ്ട്. ഈ കത്തി ഉപയോഗിച്ചാണ് നിലത്ത് വീണ നസീറിനെ കുത്തിയതെന്ന് പ്രതി പറഞ്ഞു.

എന്നാൽ, ആക്രമണത്തിന്‍റെ പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ആരോപണങ്ങളെല്ലാം എഎൻ ഷംസീറിന്‍റെ നേർക്ക് നീളുമ്പോഴും സിപിഎം വലിയ പ്രതിരോധമൊന്നും ഉയർത്തുന്നില്ല. ആരോപണ വിധേയനായ എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയാണ്.

Follow Us:
Download App:
  • android
  • ios