സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻ്റെ റിപ്പോർട്ടും ചർച്ചയായി

ദില്ലി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. പുനഃസംഘടനയിലെ തുടർ നടപടികൾ എപ്പോഴെന്നത് നേതൃതലത്തിൽ ചർച്ച തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

യുഡിഎഫിൽ നിന്ന് പോയ മുൻ ഘടക കക്ഷികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. പാർട്ടിയിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പലർക്കും അതൃപ്തിയുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് പാലക്കാട് മികച്ച വിജയം നേടിയതെന്ന കാര്യമാണ് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ ഓർമിപ്പിച്ചത്.

സംസ്ഥാനത്ത് പാർട്ടി ഐക്യത്തോടെ പോകണമെന്ന് യോഗത്തിൽ ഹൈക്കമാൻഡ് നേതൃത്വം നിർദേശം നൽകി. തമ്മിലടിച്ച് വിജയ സാധ്യത ഇല്ലാതാക്കരുത്. കേരളത്തിൽ ജയിക്കാനുള്ള അനുകൂല സാഹചര്യമുണ്ട്. സർക്കാരിനെതിരായ വികാരം അനുകൂലമാക്കണം. വിജയ സാധ്യത സംബന്ധിച്ച പാർട്ടിയുടെ മുൻഗണനാ പട്ടികയിൽ കേരളം ആദ്യ പരിഗണനയിലാണുള്ളത്. ഇന്ന് നടന്ന യോഗത്തിൽ കേരളത്തിലെ മേഖല തിരിച്ചുള്ള രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻ്റെ റിപ്പോർട്ടും ചർച്ചയായി.

അതിനിടെ കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് ആരോപിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നു. മാധ്യമ വാർത്തകൾക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രവർത്തകർ ചോദിക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ എം പിമാർ വിട്ടുനിന്നത് നേതൃത്വത്തിൻ്റെ അനുമതിയോടെയാണ്. ആൻ്റോ ആൻ്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരമാണ്. ഞാനും അദ്ദേഹവും എം ജി കണ്ണൻ്റെ നിര്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലായിരുന്നു. ഭാരവാഹി തെരഞ്ഞടുപ്പുകളിൽ മറ്റു പാർട്ടികളോട് മാധ്യമങ്ങൾക്ക് മൃദു സമീപനമാണ്. കെ സുധാകരൻ ദില്ലിയിൽ പോകാത്തത് എഐസിസിയുടെ ഭാഗമായതിനാലാണ്. പുതിയ കെപിസിസി ടീമാണ് ദില്ലി സന്ദർശിച്ചതെന്നും രാഹുൽ പ്രതികരിച്ചു.

YouTube video player