Asianet News MalayalamAsianet News Malayalam

സുധാകരനെതിരായ നീക്കങ്ങൾക്ക് തടയിട്ട് ഐ ഗ്രൂപ്പ്, പിന്തുണയുമായി നേതാക്കൾ; മലക്കം മറിഞ്ഞ് സതീശനും 

അധ്യക്ഷ പദത്തിൽ രണ്ടാം ടേം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് കെ സുധാകരന്റെ ആവർത്തിച്ചുള്ള വിവാദ പരാമാർശങ്ങളുണ്ടായത്.

congress i group support k sudhakaran over rss related controversy
Author
First Published Nov 16, 2022, 2:51 PM IST

തിരുവനന്തപുരം : വിവാദ പരാമർശങ്ങളുടെ പേരിൽ കെ സുധാകനെതിരായ നീക്കങ്ങൾക്ക് തടയിട്ട് ഐ ഗ്രൂപ്പ്. നാക്ക് പിഴയെന്ന് വിശദീകരിച്ചതോടെ പ്രശ്നം തീർന്നുവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല സുധാകരനെ പിന്തുണച്ചു. ആർഎസ്എസ് അനുകൂല പരാമർശങ്ങൾ ഗൗരവതരമെന്ന് ഇന്നലെ പറഞ്ഞ പ്രതിപക്ഷനേതാവ് ഇന്ന് സുധാകരന്റെ വിശദീകരണം പാർട്ടി അംഗീകരിച്ചെന്ന് പറഞ്ഞ് മയപ്പെടുത്തി. 

അധ്യക്ഷ പദത്തിൽ രണ്ടാം ടേം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് കെ സുധാകരന്റെ ആവർത്തിച്ചുള്ള വിവാദ പരാമാർശങ്ങളുണ്ടായത്. പാർട്ടി വെട്ടിലായതോടെ സുധാകരനെതിരായ നീക്കങ്ങൾ സംസ്ഥാന കോൺഗ്രസിൽ സജീവമായി. ലീഗ് അതൃപ്തി അറിയിച്ചത് അവസരമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശൻ തന്നെ പരസ്യമായി കടുപ്പിച്ചു. കെ. മുരളീധരനടക്കമുള്ള നേതാക്കളും തിരുത്തൽ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യസമിതിയിൽ പ്രസിഡന്റിനെതിരെ വലിയ വിമർശനങ്ങൾക്ക് നേതാക്കൾ തയ്യാറെടുക്കുന്നതിനിടെയാണ് സുധാകരൻറെ രാജിസന്നദ്ധതാ നീക്കം. സതീശനുമായി ഉടക്ക് തുടർന്ന് സുധാകരനുമായി അനുരജ്ഞനത്തിലെത്തിയ ചെന്നിത്തല വിവാദത്തിന് കർട്ടനിട്ടെന്ന് പ്രഖ്യാപിച്ച് സുധാകരന് പരസ്യ പിന്തുണ നൽകി. 

രക്തസാക്ഷി പരിവേഷത്തിലേക്ക് സുധാകരനെത്തിയതും ലീഗിൻറെ അതൃപ്തിക്ക് കോൺഗ്രസ് വഴങ്ങിയെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമായതും മനസിലാക്കി സതീശനും അയഞ്ഞു. സുധാകരന്റെ ചികിത്സ കണക്കിലെടുത്ത് നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവെച്ചു. ഇനി എന്ന് യോഗം ചേരുമെന്നതിൽ വ്യക്തതയില്ല. പ്രസിഡന്റിനെ ആർഎസ്എസ് അനുകൂല വിവാദം എങ്ങിനെ തീർക്കണമെന്നതിൽ പാർട്ടി നേതാക്കൾക്ക് വലിയ ആശയക്കുഴപ്പമായിരുന്നു. 

 'കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല', ലീഗ് യുഡിഎഫില്‍ തന്നെ തുടരുമെന്ന് സലാം

രാജിസന്നദ്ധതാ നീക്കം വന്നതോടെ നേരത്തെ ചർച്ചയാവശ്യപ്പെട്ട നേതാക്കളും അത് അവസരമാക്കി വിവാദം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണ്. സുധാകരന്റെ പകരക്കാരൻ ആര് എന്നതും പ്രശ്നമാണ്. കെ.മുരളീധരൻറേയും ചെന്നിത്തലയുടേയും പേര് ഉയരുന്നുവെങ്കിലും സാമുദായിക സമവാക്യം വിലങ്ങുതടിയാണ്. കൊടിക്കുന്നിൽ സുരേഷിൻരെയും അടുർ പ്രകാശിൻറെയും പേരുകളും ചർച്ചയിലുണ്ടെങ്കിലും എല്ലാ ഗ്രൂപ്പുകളുടേയും പിന്തുണ ഇല്ലാത്തതാണ് തടസം. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സുധാകരൻ തന്നെ തുടരട്ടെ എന്ന അഭിപ്രായം ശക്തം. ഭാരവാഹി തെരഞ്ഞെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ പ്രസിഡന്റിന്റെ കാര്യത്തിൽ ഇനി ദില്ലിയുടെ തീരുമാനത്തിലാണ് ആകാംക്ഷ. 

കത്തയച്ചിട്ടില്ല, അയക്കേണ്ടത് ഖാർഗെക്ക്, രാഹുൽ ഗാന്ധിയെ അലോസരപ്പെടുത്തരുതെന്ന് തനിക്കറിയാം: സുധാകരൻ

 

 

Follow Us:
Download App:
  • android
  • ios