തിരുവനന്തപുരം: സർക്കാർ നീതികേട് കാണിച്ചാൽ കൊവിഡ് നിർദ്ദേശങ്ങൾ ലംഘിക്കുമെന്ന കെ.സുധാകരൻ എംപിയുടെ പ്രസംഗം വിവാദത്തിൽ. കൊവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിൻ്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കും എന്നായിരുന്നു പ്രസംഗം. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു കെ സുധാകരൻ്റെ വിവാദ പരാമർശം.

പ്രതികരിക്കാൻ പറ്റാത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ പോകുന്നത്. ആ വിഘാതം തട്ടിമാറ്റാൻ പ്രതിപക്ഷത്തിന് നിയമം തടസ്സമല്ല എന്നും സുധാകരൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം സ്വർണ്ണ കളളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്ന് ബിജെപിയും ഇന്ന് പ്രസ്താവിച്ചിരുന്നു. കോഴിക്കോട് യുവമോർച്ച മാർച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമത്തിൽ പ്രതിഷേധിച്ച് നാളെ ബിജെപി കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അറിയിച്ചിട്ടുണ്ട്. കൊവിഡിൻ്റെ മറവിൽ ഇത്തരം പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിൻ്റ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്നായിരുന്നു ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയും സംശയത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി രാജി വെക്കുന്നത് വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ നീക്കം വിലപ്പോവില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Read Also: പൂന്തുറയിലെ പ്രതിഷേധം; യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി...