Asianet News MalayalamAsianet News Malayalam

കോട്ടയം ലോക്സഭാ സീറ്റ്: ‌‌പ്രാദേശിക കോൺ​ഗ്രസ് നേതാക്കളിൽ നിന്നുള്ള എതിർപ്പ് കാര്യമാക്കേണ്ടെന്ന് ജോസഫ് വിഭാ​ഗം

കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് കൊടുത്താല്‍ പിജെ ജോസഫോ, മോന്‍സ് ജോസഫോ തന്നെ മല്‍സരിക്കണമെന്ന ആവശ്യമാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്.

Congress Kerala congress issue with Kottayam parliament seat prm
Author
First Published Oct 30, 2023, 9:29 AM IST

കോട്ട‌യം: പാര്‍ലമെന്‍റ് സീറ്റിന്‍റെ കാര്യത്തില്‍, കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്താലും കെപിസിസി നേതൃത്വത്തില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നും ജോസഫ് ഗ്രൂപ്പ് വിലയിരുത്തുന്നു. ഇടുക്കിയുമായോ പത്തനംതിട്ടയുമായോ, കോട്ടയം സീറ്റ് വച്ചുമാറിയുളള പ്രശ്ന പരിഹാരത്തെ കുറിച്ചുളള ആലോചനകള്‍ ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ നടക്കുന്നുണ്ട്. എങ്കിലും രണ്ടിടത്തെയും സിറ്റിംഗ് എംപിമാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 

കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് കൊടുത്താല്‍ പിജെ ജോസഫോ, മോന്‍സ് ജോസഫോ തന്നെ മല്‍സരിക്കണമെന്ന ആവശ്യമാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ഇവര്‍ ഇരുവരും മല്‍സരിച്ചില്ലെങ്കില്‍ കോട്ടയത്ത് ഒരു കോണ്‍ഗ്രസുകാരന്‍ തന്നെ മല്‍സരിക്കുന്നതാവും നല്ലതെന്ന നിര്‍ദേശവും ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നേതൃത്തിനു മുന്നില്‍വച്ചിട്ടുണ്ട്.

എന്നാല്‍ സീറ്റാഗ്രഹിക്കുന്ന ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം മാത്രമായേ ഈ നീക്കത്തെ ജോസഫ് ഗ്രൂപ്പുകാര്‍ വിലയിരുത്തുന്നുളളൂ. വി.ഡി. സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുളള നേതാക്കള്‍ കോട്ടയം സീറ്റിന്‍റെ കാര്യത്തില്‍ നേരത്തെ തന്നെ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസുകാര്‍ പറയുന്നു.

ഈ ആഴ്ച പാലായില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പിനു ശേഷം സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നു. പിജെയോ മോന്‍സോ അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ്, തോമസ് ഉണ്ണിയാടന്‍, സജി മഞ്ഞക്കടമ്പില്‍ എന്നിവരില്‍ ഒരാളിലേക്ക് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ചുരുങ്ങും. പിജെയുടെ മകന്‍ അപുവും പരിഗണനാ പട്ടികയിലുണ്ട്.

കോണ്‍ഗ്രസിലാകട്ടെ കെ.സി. ജോസഫ്, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, അജീസ് ബെന്‍ മാത്യൂസ്, ചിന്‍റു കുര്യന്‍ ജോയ് എന്നിങ്ങനെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ പലതാണ്. ഇതിനിടെ പത്തനംതിട്ട, ഇടുക്കി സീറ്റുകളിലൊന്ന് ജോസഫ് ഗ്രൂപ്പിന് നല്‍കി ആന്‍റോ ആന്‍റണിയെയോ ഡീന്‍ കുര്യാക്കോസിനെയോ കോട്ടയത്ത് കൊണ്ടുവരാമെന്ന നിര്‍ദേശം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇരു സിറ്റിംഗ് എംപിമാര്‍ക്കും ഈ നീക്കത്തില്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. 
 

Follow Us:
Download App:
  • android
  • ios