വിശ്രമമില്ലാത്ത പോരാളിയാണ് അനിൽ. പുതിയ കാലത്തിനോട് ചേർന്നു നിൽക്കുന്ന വികസന കാഴ്ചപ്പാടുകൾ ഉള്ള മികച്ച സംഘാടകൻ കൂടിയായ അനിൽ വലിയ പ്രതീക്ഷയാണ്'- ടിഎൻ പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വടക്കാഞ്ചേരി മുൻ എംഎൽഎയും എഐസിസി അംഗവുമായ അനിൽ അക്കരയ്ക്ക് പിന്തുണയുമായി എഐസിസി സെക്രട്ടറി ടിഎൻ പ്രതാപൻ. അനിൽ അക്കര വിശ്രമമില്ലാത്ത പോരാളിയാണെന്നും വലിയ പ്രതീക്ഷയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര മത്സരിക്കുന്നത്. അനിൽ ജനപ്രതിനിധി എന്ന നിലക്ക് പ്രതിഭാത്വം തെളിയിച്ചു തുടങ്ങിയ ഇടം കൂടിയാണ് അടാട്ട് പഞ്ചായത്ത്. അവിടെ മികച്ച വിജയം വരിക്കാൻ കഴിയട്ടെ എന്ന് ടിഎൻ പ്രതാപൻ ആശംസിച്ചു.
'പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ അനിൽ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്ന് മത്സരിക്കുകയാണ്. വിശ്രമമില്ലാത്ത പോരാളിയാണ് അനിൽ. പ്രസ്ഥാനത്തിന് വേണ്ടി ഏത് ഘടകത്തിലും എത്ര വലിയ പ്രതിസന്ധികളിലും യാതൊരു സമ്മർദ്ധങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന നേതാവ്. പുതിയ കാലത്തിനോട് ചേർന്നു നിൽക്കുന്ന വികസന കാഴ്ചപ്പാടുകൾ ഉള്ള മികച്ച സംഘാടകൻ കൂടിയായ അനിൽ വലിയ പ്രതീക്ഷയാണ്'- ടിഎൻ പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു.
അനിൽ അക്കര 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ നിന്നും മത്സരിച്ച് 400 വോട്ടിനായിരുന്നു വിജയം. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും ചുമതല വഹിച്ചിട്ടുണ്ട്. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്‍റായി. ഈ കാലയളവിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ പഞ്ചായത്തിന് ലഭിച്ചിരുന്നു, 2010 ൽ ജില്ലാ പഞ്ചായത്തംഗം ആയി. രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായി. 2005 ൽ പതിനൊന്നാം വാർഡിൽ നിന്നും മത്സരിച്ച് 285 വോട്ടിന്റെ വിജയം നേടി. 2010 ൽ ജില്ലാ പഞ്ചായത്തിലേക്ക് പേരാമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ച് 14000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
2016 ലാണ് എംഎല്‍എ ആയത്. 45 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം. 2021 ലെ തെരഞ്ഞെടുപ്പിൽ 15,000 ത്തോളം വോട്ടിന്‍റെ പരാജയം ഏറ്റുവാങ്ങി. അടാട്ട് പഞ്ചായത്തിൽ ആകെ 18 വാർഡുകളാണുള്ളത്. കോണ്‍ഗ്രസ് -7, സിപിഎം-6, സിപിഐഐ-1, സിപിഎം റിബൽ-1, ബിജെപി-3 എന്നിങ്ങനെയാണ് വാർഡ് നില. അനിൽ അക്കര മത്സരിക്കുന്ന പതിനഞ്ചാം വാർഡ് കഴിഞ്ഞ തവണ 14 വോട്ടിനാണ് കോൺഗ്രസ് ജയിച്ചത്.


