Asianet News MalayalamAsianet News Malayalam

K Sankaranarayanan : മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് വൈകിട്ട്

മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ കരുണാകരൻ , ഏ കെ ആന്റണി മന്ത്രി സഭകളിൽ അംഗമായിരുന്നു. യുഡിഎഫ് കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 
 

Congress leader k sankaranarayanan funeral today at palakkad
Author
Palakkad, First Published Apr 25, 2022, 6:22 AM IST

പാലക്കാട്: ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കര നാരായണന്‍റെ (K Sankaranarayanan) സംസ്കാരം ഇന്ന്. അദ്ദേഹത്തിന്‍റെ അമ്മ വീടായ ഷൊര്‍ണൂരിനടുത്തെ പൈങ്കുളത്താണ് സംസ്കാരച്ചടങ്ങുകള്‍. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിവരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് മൂന്ന് മണി വരെ പാലക്കാട് ഡിസിസി ഓഫീസില്‍ പൊതു ദര്‍ശനം. പിന്നീട് പൈങ്കുളത്തേക്ക് കൊണ്ട് പോകും. ഇന്നലെ രാത്രി 8.50 നാണ് ശങ്കരനാരായണന്‍റെ വിയോഗം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി വീട്ടില്‍ ചികിത്സയിലായിരുന്നു.

കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു കെ ശങ്കര നാരായണന്‍. നാഗാലാൻ്റ്, അരുണാചൽ, അസം, ജാർഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ​ഗവർണറായിരുന്നത്. ഗോവയുടേയും ചുമതല വഹിച്ചിരുന്നു. 6 സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളിയാണ് അദ്ദേഹം. സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണൻ. മന്ത്രി പദവും ഗവര്‍ണർ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണൻ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ അണിയറകഥകളേറെയറിയാമായിരുന്നിട്ടും  വിവാദങ്ങളൊഴിവാക്കിയായിരുന്നു പാലക്കാടുകാരുടെ സ്വന്തം ശങ്കര്‍ ജി ആത്മകഥയായ അനുപമം ജീവിതം എഴുതിത്തീര്‍ത്തത് . അവസാന നാളിലും പാര്‍ട്ടിക്കൊരു ക്ഷീണം വരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അടുപ്പക്കാരോട് കാരണമായി പറഞ്ഞത്. ഏഴുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവതം  സംഭവ ബഹുലമായിരുന്നു.  

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. മികച്ച സംഘാടകനായി പേരെടുത്ത ശങ്കരനാരായണനെത്തതേടി പാലക്കാട് ഡി.സി.സി പ്രസിഡൻറ് സ്ഥാനവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിപദവുമെത്തി. 1977 ല്‍ തൃത്താലയില്‍ നിന്നാദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ചുരുങ്ങിയ കാലം കൃഷിമന്ത്രിയായി. പിളര്‍പ്പിന്‍റെ കാലത്ത് സംഘടനാ കോണ്‍ഗ്രസിനൊപ്പം നിന്ന ശങ്കരനാരായണന്‍ പിന്നെയങ്ങോട്ട് കരുണാകര വിരുദ്ധ ചേരിക്കൊപ്പം നിലയുറപ്പിച്ചു. ഈ പോരിനെത്തുടര്‍ന്ന് 84ലെ  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂരില്‍ സ്വന്തം പേരെഴുതിയ ചുവര്  മായ്ക്കേണ്ടിവന്നു. 

പിന്നീട് എ.കെ. ആന്‍റണിയുടെ വിശ്വസ്തനായി.  പതിനാറു വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയി. 2001ല്‍ ആന്‍റണി മന്ത്രിസഭയില്‍ ധനമന്ത്രി. 2007 മുതല്‍ 14 വരെ ആറു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍. പാർട്ടിക്കു പുറത്തേക്കു നീളുന്ന ആത്മബന്ധങ്ങളായിരുന്നു അവസാന കാലം വരെ ശങ്കരനാരായണന്‍റെ കൈമുതല്‍. എണ്‍പത്തിയൊമ്പതാം വയസ്സില്‍ പുറത്തിറങ്ങിയ ആത്മകഥയിലെ അവസാന അധ്യായത്തില്‍  ശങ്കരനാരായണന്‍ ഇങ്ങനെയെഴുതി. "മുഖ്യമന്ത്രിയാകണമെന്നതായിരുന്നു നടക്കാതെ പോയ മോഹം. ഇനി അത്തരമൊരു മോഹമുവില്ല. അന്നതിന് ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ നടക്കുമായിരുന്നെന്നാണെന്‍റെ തോന്നല്‍. "

Follow Us:
Download App:
  • android
  • ios