കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കുന്നവരും അത് മാതൃകയാക്കണമെന്ന് സന്ദീപ് വാര്യർ. 

കൊച്ചി: കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുന്ന മറ്റ് പാർട്ടികൾ കൂടി അത് മാതൃകയാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ 9 മാസമായി ബിജെപി തനിക്കെതിരായ ചാറ്റുകൾ പുറത്തുവിടുമെന്ന് പറയുന്നു. തേങ്ങ ഉടക്ക് സ്വാമി എന്നേ പറയാനുള്ളൂ. എനിക്ക് ഉടക്കാൻ പന്തീരായിരം തേങ്ങകൾ കയ്യിലുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി നേതാവ് സി കൃഷ്ണകുമാറിൻ്റെ വിമർശനങ്ങൾക്കാണ് സന്ദീപ് വാര്യറുടെ മറുപടി. എറണാകുളം വടക്കൻ പറവൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ. 

രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ പോലെ നടപടിയെടുക്കാൻ തുടങ്ങിയാൽ സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും ഇരിക്കാൻ ഒരാൾ പോലുമുണ്ടാകില്ല. 48 മണിക്കൂറിനുള്ളിൽ ആക്ഷേപം ഉന്നയിച്ച മാന്യന്മാരുടെ മുഖം മൂടികൾ അഴിഞ്ഞു വീഴും. കയ്യൂക്കിന്റെ ഭാഷയിൽ സംസാരിച്ചാൽ അതേ ഭാഷയിൽ തിരിച്ചും സംസാരിക്കും. കോൺഗ്രസിനെ സിപിഎമ്മും ബിജെപിയും ധാർമികത ഉപദേശിക്കണ്ട. സമാനമായ കേസിൽ മറ്റൊരു യുവജന സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിക്കാണ് യുവമോർച്ചയിൽ അടുത്തിടെ ഭാരവാഹിത്വം കൊടുത്തത്. സി കൃഷ്ണകുമാറിനോട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നേ പറയാനുള്ളൂ. കാര്യങ്ങൾ എല്ലാം പുറത്തുവരും. കൃഷ്ണകുമാറും സഹപ്രവവർത്തകരും വലിയ പരിഭ്രാന്തിയിലാണ്. സജി ചെറിയാൻ സ്വന്തം പാർട്ടിയിലെ ഇതിലും ഗുരുതരമായ വിഷയങ്ങൾ വന്നപ്പോൾ സ്വീകരിച്ച നിലപാടുകൾ പരിശോധിക്കട്ടെയെന്നും സന്ദീപ് വാര്യർ പറഞ്ഞു.