'അധികാര ഭ്രമവും വ്യാമോഹവുമാണ് തോമസിനെ നയിക്കുന്നത്. കോൺഗ്രസിൽ ഇത്രയേറെ ആനുകൂല്യം നേടിയെടുത്ത മറ്റൊരു നേതാവില്ല'

കൊച്ചി: കോൺഗ്രസിൽ വിമത സ്വരമുയർത്തിയ കെവി തോമസിനെതിരെ രൂക്ഷ വിമർശവുമായി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. വ്യാമോഹവും അവസരവാദിത്വ നിലപാടുമാണ് കെവി തോമസിനെന്നും വന്ന വഴി തോമസ് മറന്നുപോകരുതെന്നും ടി.എച്ച് മുസ്തഫ ഓർമ്മിപ്പിച്ചു.

തൃക്കാക്കര തെരഞ്ഞെടുപ്പ് വേളയിലും പ്രസ്താവനകൾ കൊണ്ട് കോൺഗ്രസിനെ വെട്ടിലാക്കുന്ന കെ വി തോമസിനെ രൂക്ഷ ഭാഷയിലാണ് ടി എച്ച് മുസ്തഫ വിമർശിച്ചത്. പാർട്ടിക്കുള്ളിൽ നിന്നും ഇത്രയേറെ സ്ഥാനമാനങ്ങൾ നേടിയെടുത്ത നേതാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. '1977 ൽ തിരഞ്ഞെടുപ്പ് ചുമതലക്കാരനായാണ് തോമസ്‌ വന്നത്. അധികാര ഭ്രമവും വ്യാമോഹവുമാണ് തോമസിനെ നയിക്കുന്നത്. കോൺഗ്രസിൽ ഇത്രയേറെ ആനുകൂല്യം നേടിയെടുത്ത മറ്റൊരു നേതാവില്ല. ഇതിൽ കൂടുതൽ എന്താണ് കോൺഗ്രസിന് ചെയ്യാനാകുകയെന്നും അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തലയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ അല്ല കെ വി തോമസ്. പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചില്ലെന്ന തോമസിന്റെ പ്രസ്താവന അഹങ്കാരമാണെന്ന് പറഞ്ഞ മുസ്തഫ, തൃക്കാക്കരയിലെ സിപിഎം സ്ഥാനാർഥിത്വം പെയ്മെന്റ് സീറ്റാണെന്നും കുറ്റപ്പെടുത്തി.