നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നായർ-ഈഴവ സമുദായ നേതാക്കൾ ഒന്നിച്ചതിൽ കോൺഗ്രസിൽ ആശങ്ക. വിഡി സതീശൻ സമുദായ നേതാക്കളോടുള്ള വെല്ലുവിളി ഒഴിവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, ഇത് വോട്ട് നഷ്ടപ്പെടുത്തില്ലെന്ന് മറുവിഭാഗം വാദിക്കുന്നു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നായർ - ഈഴവ ഐക്യമുണ്ടായതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് കടുത്ത ആശങ്ക. സമുദായ നേതാക്കളോട് വിഡി സതീശൻ വെല്ലുവിളി ഒഴിവാക്കണമെന്നാണ് ആവശ്യം. വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൈകൊടുത്തതോടെ നാല് തെക്കൻ ജില്ലകളിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വർഗീയതക്കെതിരായ പോരാട്ടത്തിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ലെന്ന വിഡി സതീശൻ്റെ പ്രസ്താവനയെ തിരുത്തുകയാണ് മറ്റ് നേതാക്കൾ. ഇനി തോൽക്കാൻ പറ്റില്ലെന്നും എല്ലാ മത സാമുദായിക വിഭാഗങ്ങളുമായും നല്ല ബന്ധത്തിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നുമാണ് വാദം.

അടിക്കടി തിരിച്ചടി ലൈൻ വേണ്ടെന്ന നിലപാട് പാർട്ടിയിലുണ്ടെങ്കിലും വീരപരിവേഷത്തിലാണ് വിഡി സതീശൻ. സമുദായ നേതാക്കൾ ഐക്യത്തിലായിരുന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല വിഷയത്തിലും ഇരു സംഘടനാ നേതാക്കളും സ്വീകരിച്ച നിലപാട് കോൺഗ്രസിലെ സതീശൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഇതൊന്നും കൊണ്ട് വോട്ട് നഷ്ടപ്പെടില്ലെന്നും ഇവർ വാദിക്കുന്നു.