തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോൺ​ഗ്രസ്സിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ല. ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രകടനം നടത്താൻ ആയി. മുൻസിപ്പാലിറ്റികളിലും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. സി പി എമ്മിന് അമിതമായി ആഹ്ളാദിക്കാൻ വഴി ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫിനും കോൺ​ഗ്രസിനും തിരിച്ചടി എന്നത് ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രകടനമാണ്. ബിജെപിക്കും നേട്ടം ഒന്നും ഇല്ല. ബി ജെ പി യുമായി വോട്ടു കച്ചവടം എന്നത് തെറ്റ്. ഫലം വിലയിറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സർക്കാരിനെതിരെ രൂപപ്പെട്ട വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ആണ് വിധി നിർണയിച്ചത്. കോൺ​ഗ്രസിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ അടിസ്ഥാനത്തിൽ ആയിരുന്നു. ഈ തെരഞ്ഞെടുപ്പ് അങ്ങനെയല്ല. കേരളത്തിൽ ബി ജെ പി ക്ക് സ്ഥാനം ഇല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.  യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രകടനം ആണ് തെരഞ്ഞെടുപ്പിൽ നടത്തിയത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.