മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചില്ല. അതിനിടെ, എംഎൽഎ ഓഫീസിന് പൊലീസ് സുരക്ഷ കൂട്ടി. രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും ഡിവൈഎഫ്ഐയും രംഗത്തെത്തി.
പാലക്കാട്: കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് മണ്ഡലത്തിലെത്തി. അഭിവാദ്യം ചെയ്തും ചേർത്തുപിടിച്ചുമാണ് രാഹുലിനെ നേതാക്കൾ സ്വീകരിച്ചത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചില്ല. അതിനിടെ, എംഎൽഎ ഓഫീസിന് പൊലീസ് സുരക്ഷ കൂട്ടി. രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും ഡിവൈഎഫ്ഐയും രംഗത്തെത്തി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാഹനത്തിൽ നിന്നും എംഎൽഎ ബോർഡ് മാറ്റിയതായാണ് വിവരം. നിലവിൽ രാഹുൽ ഓഫീസിലേക്ക് പോകാൻ സാധ്യത കുറവാണുള്ളത്. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
പാർട്ടിയുടെ ഭാഗമല്ലെന്ന് നേതൃത്വം പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ എത്തിയപ്പോൾ കോൺഗ്രസ് നേതാക്കളുടെ പൂർണ്ണ പിന്തുണ. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും അടക്കമുള്ള നേതാക്കൾ രാഹുലിനെ ഏറെ അടുപ്പത്തോടെ അഭിവാദ്യം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ഏറെ നേരം രാഹുലുമായി ചർച്ച നടത്തി. എന്നാൽ ശക്തമായ പ്രതിഷേധമാണ് ബിജെപിയും ഡിവൈഎഫ്ഐയും നടത്തിയത്. മഹിളാമോർച്ച പ്രവർത്തകർ ചൂലുമായി എത്തിയും പ്രതിഷേധിച്ചു. കൂടുതൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് രാഹുലിന്റെ എംഎൽഎ ഓഫീസിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്.
വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷമാണ് രാഹുൽ പാലക്കാട് എത്തിയത്
വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. കഴിഞ്ഞ മാസം 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎൽഎ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. നിയമസഭയിൽ ആദ്യ ദിവസം എത്തിയ രാഹുൽ മെല്ലെ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുകയാണെന്നാണ് വിവരം. അതേസമയം രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്.



