തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനൊപ്പം നിൽക്കാതെ സ്വതന്ത്ര നിലപാടെടുത്ത ജോസ് കെ മാണിയോട് മൃദുസമീപനം വേണ്ടെന്ന് കെപിസിസി.  ജോസ് പക്ഷത്തിനെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസ് പക്ഷത്തിനെതിരെ നടപടി സ്വീകരിച്ചേക്കും.

മുന്നണിയുടെ അന്ത്യശാസനവും തള്ളി നിയമസഭയിൽ സ്വതന്ത്ര നിലപാടെടുത്ത ജോസ് ഇനിയൊരു തിരിച്ച് പോക്കില്ലെന്ന വ്യക്തമായ സൂചന യുഡിഎഫിന് നൽകിക്കഴിഞ്ഞു. ലീഗ് ഉൾപ്പടെയുള്ള യുഡിഎഫിലെ ചില ഘടകക്ഷികൾക്ക് ജോസ് പക്ഷം മുന്നണി വിടുന്നതിനോട് താൽപ്പര്യമില്ലായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ പേരിൽ നടപടി നേരിട്ടപ്പോഴും യുഡിഎഫ് ഒരു വാതിൽ ജോസ് പക്ഷത്തിന് തുറന്നിട്ടിരുന്നു. പക്ഷേ ഇനി മൃദുസമീപനം വേണ്ടെന്നാണ് യുഡിഎഫിന്‍റെ ഉറച്ച നിലപാട്.