ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകന്‍ അജേഷ് കുമാറില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

 പെരുമ്പാവൂര്‍: അയോധ്യ രാമക്ഷേത്ര നിധിയിലേക്ക് എംഎൽഎ എൽദോസ് കുന്നപിള്ളി നൂറു രൂപ സംഭാവന നൽകിയെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. ആർഎസ്എസ് പ്രവർത്തകർ പെരുമ്പാവൂരിലെ ഓഫീസിൽ എത്തി സംഭാവന വാങ്ങിയതിന്‍റെ ചിത്രവും ഇതോടൊപ്പമുണ്ട്. ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകന്‍ അജേഷ് കുമാറില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

ഇത് സംബന്ധിച്ച് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലെ പറയുന്നത്:

ശ്രീ ചെറായി എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ”ബഹുമാനപ്പെട്ട പെരുമ്പാവൂര്‍ MLA എല്‍ദോസ് പി കുന്നപ്പിള്ളി അയോദ്ധ്യ രാമക്ഷേത്ര നിധിയിലേക്ക് തുക സമര്‍പ്പണം ചെയ്തുകൊണ്ട്, ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നു. ശ്രീരാമ ക്ഷേത്രം പുനര്‍ജനിക്കുകയാണ് സരയൂ നദിയുടെ തീരത്ത്, അയോദ്ധ്യയില്‍. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്കു ലഭിച്ച ഭാഗ്യമാണ് ഭവ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവുക എന്നത്… ജയ് ശ്രീറാം”

അതേ സമയം തന്നെ കബളിപ്പിച്ചതാണെന്ന വാദവുമായി എംഎല്‍എ രംഗത്ത് എത്തി. ഒരു ക്ഷേത്ര നിർമാണത്തിന്‍റെ വഴിപാട് എന്ന് പറഞ്ഞാണ് സംഘം എത്തിയതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതികരിച്ചു. പണം കൊടുത്ത ശേഷം രാമക്ഷേത്രത്തിന്‍റെ ഫോട്ടോയും രസീതും നൽകിയപ്പോഴാണ് വസ്തുത മനസ്സിലായതെന്നും, തന്നെ മനപ്പൂർവം കബളിപ്പിക്കുകയായിരുന്നുവെന്നും എംഎൽഎ പറയുന്നു.