ദില്ലി: നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് പുതിയ ദേശീയ അധ്യക്ഷനുണ്ടാകില്ല. പ്ലീനറി സമ്മേളനം മെയിൽ നടത്താൻ ദില്ലിയിൽ തുടരുന്ന  പ്രവർത്തക സമിതിയിൽ ധാരണയായി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പ്രവർത്തക സമിതി വീണ്ടും ആവശ്യപ്പെട്ടു. സംഘടന തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രവർത്തക സമിതി പരിശോധിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 

'ഒരാഴ്ചക്കുള്ളിൽ പാർലമെന്റ് യോഗം ചേരും. ബജറ്റ് സെഷൻ ആണെങ്കിലും പൊതുജനത്തിന് ആശങ്കയുള്ള ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. സർക്കാർ അത് അംഗീകരിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. കർഷക സമരത്തോടുള്ള സർക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. കാർഷിക നിയമത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നയം തുടക്കം മുതലേ വ്യക്തമായതാണ്. ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന, താങ്ങുവില ഇല്ലാതാക്കുക, വിള സംഭരണം തടയുന്ന ഈ നിയമത്തെ പൂർണമായും തള്ളണമെന്നാണ് കോൺഗ്രസ് നിലപാട്,'- സോണിയ പറഞ്ഞു.