കഴിഞ്ഞ 25 വർഷമായി കോഴിക്കോട് ജില്ലയിൽ നിന്ന് കോൺഗ്രസിന് ഒരു എംഎൽഎ പോലുമില്ല. എന്നാൽ, സമീപകാല തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. 

കോഴിക്കോട്: 25 വര്‍ഷമായി കോണ്‍ഗ്രസിന് കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരു എംഎൽഎയെ പോലും വിജയിപ്പിക്കാനായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന് നല്ല വളക്കൂറുള്ള മണ്ണ് തന്നെയായിരുന്നു കോഴിക്കോട്. എന്നാല്‍ 2001 ന് ശേഷം കോഴിക്കോടിന്‍റെ ഭൂപടത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലുമില്ല. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എ സുജനപാലും കൊയിലാണ്ടിയില്‍ നിന്ന് പി ശങ്കരനുമാണ് 2001 ല്‍ നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ കെ കരുണാകരന്‍ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് ജില്ലയില്‍ ദുര്‍ബലമായി. ലീഗിന്‍റെ കരുത്തില്‍ അങ്ങിങ്ങ് പിടിച്ചു നിന്നതൊഴിച്ചാല്‍ യുഡിഎഫിന് കാര്യമായ നേട്ടം ഇക്കാലയളവിലില്ല. ലോക്സഭയിലേക്ക് എം കെ രാഘവന്‍ ഭൂരിപക്ഷം കൂട്ടി ജയിക്കുമ്പോഴും നിയമസഭ - തദ്ദേശ തെരഞ്ഞെടുപ്പുകളിലേക്ക് ആ വോട്ടുകള്‍ സമാഹരിക്കാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിന് ആകെയോ കഴിഞ്ഞിരുന്നില്ല. അവിടെ നിന്നാണ് ഇത്തവണ ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തതും ഗ്രാമപഞ്ചായത്തുകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതും. നാമ മാത്രമായ സീറ്റുകള്‍ക്കാണ് കോര്‍പ്പറേഷന്‍ ഭരണം കൈവിട്ടു പോയതും.

എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളായ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിഭാഗത്തിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനായി. പേരാമ്പ്ര പോലുള്ള ഇടത് കോട്ടകളി‍ല്‍ മേല്‍ക്കൈ നേടാനായത് ജില്ലയില്‍ യുഡിഎഫ് മുന്നേറ്റത്തിന് തെളിവാണ്. നാദാപുരത്തേയും ബേപ്പൂരിലേയും ന്യൂനപക്ഷ വോട്ടുകള്‍ അടുപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമവും ഏറെക്കുറെ വിജയിച്ചു. കഴിഞ്ഞ തവണ ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിച്ചത് അഞ്ച് സീറ്റുകളിലാണ്. ഇത്തവണ ആറ് സീറ്റില്‍ മത്സരിക്കും. എലത്തൂര്‍ ഘടക കക്ഷികള്‍ക്ക് നല്‍കുന്നതിന് പകരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

YouTube video player