നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നു. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിൻ്റെ സഹായത്തോടെ പ്രക്ഷോഭങ്ങൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനും പാർട്ടി ഒരുങ്ങുന്നു. നിരവധി സമരങ്ങൾക്കും രൂപം നൽകി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കി കോൺഗ്രസ്. പ്രക്ഷോഭങ്ങൾക്കടക്കം തുടക്കം കുറിച്ചും പാർട്ടി സംവിധാനം ശക്തിപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിൻ്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജനുവരി 19ന് കോൺഗ്രസിന്റെ മെഗാ പഞ്ചായത്ത് നടക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് പ്രതിനിധികളുടെയും സംഗമമാണിത്. രാഹുൽഗാന്ധി സമ്മേളനത്തിന് എത്തുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു.
ജനുവരി 13 14 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെയാണ് സമരം. ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാരുടെയും ബിഎൽഎമാരുടെയും യോഗങ്ങൾ നടക്കും. ഇതിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. പിന്നാലെ ശബരിമല സ്വർണ കൊള്ളയിൽ ശക്തമായ പ്രക്ഷോഭത്തിനും തീരുമാനമുണ്ട്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ ഉടൻ കേരളം സന്ദർശിക്കുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റി പട്ടിക നൽകും. ജനുവരി മാസം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. സുനിൽ കനഗുലുവിന്റെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധി ഉള്ള പാർട്ടിയാണെന്നും എല്ലാവരും തേങ്ങ ചിരകുമ്പോൾ ഞങ്ങൾ ചിരട്ടയെങ്കിലും ചിരകണ്ടേയെന്നും കെസി വേണുഗോപാൽ പറഞ്ഞു. ശശി തരൂർ പാർട്ടി ലൈനിൽ നിൽക്കുന്നതിൽ അതിയായ സന്തോഷം. പാർട്ടി ഐക്യമാണ് നാട് ആവശ്യപ്പെടുന്നത്. ഐക്യത്തിൽ നിന്ന് വിട്ടുപോകുന്നവർക്ക് അധോഗതിയാണ്. വ്യക്തിപരമായല്ല വിമർശനം ഉന്നയിക്കുന്നത്. പാർട്ടി നയത്തിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് വിമർശിക്കുന്നത്. ശശി തരൂർ പാർട്ടിക്ക് വിലപ്പെട്ട നേതാവാണ്യ അദ്ദേഹം ചില പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. ശശി തരൂരിന് ഉപയോഗിക്കണമെന്ന് തന്നെയാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരം ഉണ്ടാവും. വിശ്വാസികൾ അല്ലാത്തവർക്ക് ദേവസ്വം ഏൽപ്പിച്ചു കൊടുത്തതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.


