Asianet News MalayalamAsianet News Malayalam

രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധം, കോഴിക്കോട് വൻ സംഘർഷം, പൊലീസുമായി ഏറ്റുമുട്ടി പ്രവർത്തകർ

പന്തം കൊളുത്തിയെത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. മൂന്നു തവണയാണ് പ്രതിഷേധക്കാർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്. 

Congress Protest and clash in state in Rahul Gandhi disqualification jrj
Author
First Published Mar 24, 2023, 10:05 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുൻ വശത്ത് ടയറുകൾ കത്തിച്ച് മുദ്രാവാക്യം മുഴക്കുകയാണ്. പ്രതിഷേധം സംഘർഷത്തിലെത്തിയതോടെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ പൊലീസ് തുരത്തിയോടിച്ചു. കോണ്‍ഗ്രസ് പ്രവർത്തകർ റെയിൽവേ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. റെയിൽവേ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പ്ലാറ്റ്ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

വടക്കഞ്ചേരിയിൽ ദേശീയപാത തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. 20 മിനിറ്റോളം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. വടക്കഞ്ചേരി പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു.

പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പന്തം കൊളുത്തിയെത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. മൂന്നു തവണയാണ് പ്രതിഷേധക്കാർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്. ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു. മോഡിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം. 

കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിൻ്റെ നേതൃത്വത്തിൽ എറണാകുളം സൌത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. 

Read More : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം; നാളെ മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

Follow Us:
Download App:
  • android
  • ios