പദ്ധതിക്ക് അം​ഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ആന്റോ ആന്റണി എംപി നോട്ടീസ് നൽകിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി നോട്ടീസിൽ പറയുന്നു.  

ദില്ലി: കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എം പിമാരായ ഹൈബി ഈഡനും (Hibi Eaden) ആന്റോ ആന്റണിയും (Anto Antony) . പദ്ധതിക്ക് അം​ഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ആന്റോ ആന്റണി എംപി നോട്ടീസ് നൽകിയത്.

സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി നോട്ടീസിൽ പറയുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പോലീസിനെ ഉപയോഗിച്ച് എതിർക്കുകയാണ്. സ്ത്രീകളും കുട്ടികളടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പൊലീസ് നേരിടുന്നത്. കേരളം മുഴുവൻ പദ്ധതിക്കെതിരാണെന്നും എംപി നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.

റെയിൽവേ മന്ത്രി സിൽവർലൈനിന് എതിരായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത് എന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. സമ്പൂർണ്ണമായ പാർട്ടി ഭരണമാണ് കേരളത്തിൽ നടക്കുന്നത്. ഒരു കാരണവശാലും സിൽവർ ലൈനിന് അനുമതി നല്കരുതെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപെടുന്നു. പ്രതിഷേധം നടക്കുമ്പോൾ ആണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. ഇത്ര ധൃതിപിടിച്ച് ഈ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതിനു പിന്നിലെ കാരണം എന്താണ്. അനാവശ്യ ധൃതി എന്തിനാണ്. പദ്ധതിയിൽ സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. 

പദ്ധതിക്ക് അന്തിമ അനുമതി ആയിട്ടില്ല എന്ന് റെയിൽവേ മന്ത്രി തന്നെ വ്യക്തമാക്കിയത് ആണെന്ന് ഇ ടി മുഹമമ്ദ് ബഷീർ എംപി അഭിപ്രായപ്പെട്ടു. ഇടതു പക്ഷത്തോട് ആഭിമുഖ്യം ഉള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും വ്യത്യസ്ത നിലപാട് സ്വീകരിച്ചു. എല്ലാവരും തെറ്റെന്ന് പറഞ്ഞ പദ്ധതി ധിക്കാരപൂർവം നടപ്പാക്കാൻ ആണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഈ നീക്കത്തിൽ കേരള സർക്കാർ പിന്മാറും വരെ പ്രതിഷേധത്തിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കെ റെയിൽ പ്രതിഷേധം; കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു!

അതേസമയം, കെ റെയിലില്‍ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്‍റിലാണ് ചര്‍ച്ച. കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.