മുൻ എംപി രമ്യ ഹരിദാസിൻ്റെ അമ്മ രാധ ഹരിദാസ്, ആത്മഹത്യാ ഭീഷണിയും സ്വാധീനവും ഉപയോഗിച്ച് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ട് പറമ്പ് ഡിവിഷനിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നേടിയതെന്ന്, ഇതേ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് വിമത അനിത അനീഷ്

തൃശ്ശൂർ: ആത്മഹത്യ ഭീഷണിയും സ്വാധീനവും ഉപയോഗിച്ചാണ് രമ്യ ഹരിദസിന്റെ അമ്മ രാധ ഹരിദാസ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് തരപ്പെടുത്തിയതെന്ന് ആരോപണം. മഹിള കോണ്‍ഗ്രസ് നേതാവ് അനിത അനീഷാണ് ആരോപണം ഉന്നയിച്ചത്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് പൂവാട്ട് പറമ്പ് ഡിവിഷനിലാണ് രാധ ഹരിദാസും അനിത അനീഷും മത്സരിക്കുന്നത്.

പൂവാട്ട് പറമ്പ് ഡിവിഷനിൽ തന്നെയായിരുന്നു ആദ്യം സ്ഥാനാർഥിയായി കോൺഗ്രസ് ജില്ലാ നേതൃത്വം നിശ്ചയിച്ചതെന്ന് അനിത പറയുന്നു. എന്നാൽ പിന്നീട് വളഞ്ഞ വഴിയിലൂടെ രാധ ഹരിദാസ് സീറ്റ് തരപ്പെടുത്തുകയായിരുന്നു. ആത്മഹത്യ ഭീഷണിയും സ്വാധീനവും ഇതിനായി ഉപയോഗിച്ചു. രമ്യ ഹരിദാസിൻ്റെ പാർട്ടിയിലെ പദവിയും രാധ ഹരിദാസ് സ്ഥാനാർത്ഥിത്വത്തിനായി ഉപയോഗിച്ചു. മത്സര രംഗത്ത് ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും അനിത അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ രാധ ഹരിദാസ് തയ്യാറായില്ല.