Asianet News MalayalamAsianet News Malayalam

'കോട്ടയത്ത് കോൺഗ്രസ് മതി, ജോസഫ് ഗ്രൂപ്പിന് നൽകരുത്'; പുനരാലോചന വേണമെന്ന് കോൺഗ്രസ് നേതൃത്വം

യുഡിഎഫിന് ഏറ്റവുമധികം വിജയസാധ്യതയുളള സീറ്റുകളിലൊന്നായ കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഒരു സ്ഥാനാര്‍ഥി ഉണ്ടാകണമെന്ന കാര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുന്നത്.

congress should take over Kottayam Lok Sabha seat from Kerala congress says Kottayam district congress leaders apn
Author
First Published Oct 25, 2023, 9:39 AM IST

കോട്ടയം : കോട്ടയം പാര്‍ലമെന്‍റ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. വിജയസാധ്യതയുളള സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണമെന്ന നിര്‍ദേശം ജില്ലയില്‍ നിന്നുളള പ്രധാന നേതാക്കള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തോട് പങ്കുവച്ചതായാണ് വിവരം. പാര്‍ലമെന്‍റ് ജയത്തിന് പ്രാപ്തനായ സ്ഥാനാര്‍ഥി ജോസഫ് ഗ്രൂപ്പിലില്ലെന്ന വികാരമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും പങ്കുവയ്ക്കുന്നത്.

ഒരു വര്‍ഷം പഴക്കമുളള പിണക്കമെല്ലാം മറന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനെ കോട്ടയം ഡിസിസി ഓഫിസിലേക്ക് ക്ഷണിക്കുന്ന പ്രസിഡന്‍റ് നാട്ടകം സുരേഷ്. കെ.സി.ജോസഫും,തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം തരൂരിനെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നു. ഗ്രൂപ്പ് താല്‍പര്യങ്ങളുടെ പേരിലും വ്യക്തി താല്‍പര്യങ്ങളുടെ പേരിലും പല ചേരികളുളള കോട്ടയത്തെ കോണ്‍ഗ്രസില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ കുറിച്ചുളള ചര്‍ച്ചകളില്‍ ഏതാണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്.

സംസ്ഥാനത്ത് യുഡിഎഫിന് ഏറ്റവുമധികം വിജയസാധ്യതയുളള സീറ്റുകളിലൊന്നായ കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഒരു സ്ഥാനാര്‍ഥി ഉണ്ടാകണമെന്ന കാര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുന്നത്. മുന്നണിയില്‍ വിവാദങ്ങള്‍ ഉയരുമെന്നതിനാല്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ തല്‍ക്കാലം ആരും തയാറല്ലെന്ന് മാത്രം.

പ്രതിപക്ഷ പ്രവര്‍ത്തനം യുഡിഎഫ് പ്രസ്താവനയിൽ ഒതുക്കരുത്, അസംതൃപ്തി പ്രകടമാക്കി ആര്‍എസ്പി; രാപ്പകൽ സമരം നടത്തും

പിളര്‍പ്പിന് മുമ്പുളള കേരള കോണ്‍ഗ്രസിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കൊടുത്തതെന്നതിനാല്‍ സീറ്റിന്‍റെ കാര്യത്തിലെ ജോസഫ് ഗ്രൂപ്പിന്‍റെ അവകാശവാദങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍. മുന്നണി മര്യാദയുടെ പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഉണ്ടായിരുന്ന ഏറ്റുമാനൂര്‍ ജോസഫിന് കൊടുത്ത് നഷ്ടപ്പെടുത്തിയ സ്ഥിതി പാര്‍ലമെന്‍റില്‍ ആവര്‍ത്തിക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നു. സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കും മുമ്പ് ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. അടുത്ത വര്‍ഷം ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലൊന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ലോക്സഭ സീറ്റ് ഏറ്റെടുക്കണമെന്ന നിര്‍ദേശം പോലും കോട്ടയത്തു നിന്ന് കെപിസിസി നേതൃത്വത്തിന് മുന്നില്‍ എത്തിയിട്ടുണ്ട്.'

 

Follow Us:
Download App:
  • android
  • ios