പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് പാർട്ടി നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യയാണ് സംഘാടകർ. 

ദില്ലി: വീര സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പ്. പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോൺ​ഗ്രസ് നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുക. അതിനിടെ, കോൺ​ഗ്രസ് വിമർശനം ശക്തമായതോടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിൻ്റെ ഓഫീസ് അറിയിച്ചു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി. തരൂരിന്റെ പ്രതികരണത്തിനായി മാധ്യമങ്ങൾ വീട്ടിലെത്തിയെങ്കിലും തരൂർ പ്രതികരിച്ചില്ല. പിന്നീട് ഓഫീസ് ആണ് നിലപാട് അറിയിച്ചത്. 

തരൂർ പുരസ്കാരം സ്വീകരിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തരൂർ പുരസ്കാരം സ്വീകരിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കോൺഗ്രസിന്റെ രക്തം ശശി തരൂരിന്റെ സിരകളിൽ അവശേഷിക്കുന്നുവെങ്കിൽ അദ്ദേഹം അവാർഡ് നിരസിക്കണം. ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനയാണ് എച്ച് ആർ ഡി എസ്. ഒരുപാട് വിവാദങ്ങളും പരാതികളും സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ട്. ശക്തമായി പുരസ്കാരത്തിനെതിരെ തരൂർ പ്രതികരിക്കണം. അവാർഡ് നൽകുന്ന വിവരം തരൂരിനെ അറിയിച്ചിട്ടുണ്ടോ എന്നതിൽ മറുപടി പറയേണ്ടത് അദ്ദേഹമാണ്. അവാർഡ് സ്വീകരിച്ചാൽ കോൺഗ്രസുകാരുടെ മനസ്സിൽ നിന്ന് തരൂർ എന്നന്നേക്കുമായി പുറത്താകും എന്നതിൽ സംശയമില്ല. കോൺഗ്രസ് പ്രവർത്തകരുടെ ഉള്ളിൽ ശശി തരൂരിന് അവശേഷിക്കുന്ന സ്ഥാനം നഷ്ടപ്പെടുത്താനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ബോധപൂർവ്വമായ നീക്കമാണിത്. ശശി തരൂർ ഈ കെണിയിൽ വീഴരുത്. അവാർഡ് സ്വീകരിച്ചാൽ എന്ത് നടപടി സ്വീകരിക്കണമെന്ന് എഐസിസി തീരുമാനിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. അതിന് ആക്കം കൂട്ടുന്ന പ്രവർത്തി കോൺഗ്രസിന്റെ രക്തം സിരകളിൽ ഒഴുകുന്ന ആരും ചെയ്യാൻ പാടില്ല. തരൂരിനെ പുടിന്റെ അത്താഴ വിരുന്നിൽ ക്ഷണിച്ചത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. അതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

പുരസ്കാരം സ്വീകരിക്കണോ എന്നത് തരൂർ സ്വയം തീരുമാനിയ്ക്കണമെന്ന് എ.പി അനിൽകുമാർ എംഎൽഎ

പുരസ്കാരം സ്വീകരിക്കണോ എന്നത് തരൂർ സ്വയം തീരുമാനിയ്ക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ എംഎൽഎ. ശശി തരൂർ പ്രവർത്തന സമിതി അംഗമായതിനാൽ എഐസിസിയാണ് നിലപാട് പറയേണ്ടത്. ജമാഅത്തെ ഇസ്ലാമി സഹകരണത്തിൽ യുഡിഎഫിനെ വിമർശിക്കാൻ സിപിഎമ്മിന് അർഹതയില്ല. അടൂർ പ്രകാശ് വിഷയത്തിൽ കെപിസിസി പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കി. അദേഹത്തിൻ്റേതാണ് പാർട്ടിയിൽ അവസാന വാക്ക്. കോടതിയെ വിമർശിക്കുന്നവർ പ്രോസിക്യൂഷൻ്റെയും സർക്കാരിൻ്റെയും പരാജയം പറയുന്നില്ല. തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാവും. വടക്കൻ കേരളത്തിലും യുഡിഎഫിന് മുന്നേറ്റമുണ്ടാവുമെന്നും എ.പി അനിൽകുമാർ പറഞ്ഞു.

YouTube video player