ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും നൽകിയ പരാതികളിലായി മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപിയുടെ പരാതിയിൽ രണ്ട് കേസുകളും ട്രാൻസ്ജെൻഡേഴ്‌സ് നൽകിയ പരാതിയിൽ ബിജെപിക്കാർക്കെതിരെ ഒരു കേസുമാണ് എടുത്തിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ കേസെടുത്ത് പൊലീസ്. ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും നൽകിയ പരാതികളിലായി മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപിയുടെ പരാതിയിൽ രണ്ട് കേസുകളും ട്രാൻസ്ജെൻഡേഴ്‌സ് നൽകിയ പരാതിയിൽ ബിജെപിക്കാർക്കെതിരെ ഒരു കേസുമാണ് എടുത്തിരിക്കുന്നത്. ഇന്നലെ വഞ്ചിയൂരിൽ പോളിങ് ബൂത്തിന് മുന്നിലാണ് ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിൽ കള്ളവോട്ട് ആരോപിച്ച് സംഘര്‍ഷമുണ്ടായത്. വോട്ട് ചെയ്യാനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ പട്ടികയിലില്ലെന്ന് പറഞ്ഞ് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.
വഞ്ചിയൂരിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് നേരത്തെ കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. വഞ്ചിയൂരില്‍ റീപോളിങ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബൂത്ത് ഒന്നിൽ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു ബിജെപിയുടെ ആരോപണം. അതേസമയം, ബിജെപി പ്രവർത്തകരുടെ ആരോപണം സിപിഎം തള്ളി. ട്രാൻസ് വിഭാഗത്തെ കൊണ്ട് സിപിഎം കള്ളവോട്ട് ചെയ്യിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ, ട്രാൻസ്ജൻഡേഴ്സ് വാർഡിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട വോട്ടർസ് ആണെന്ന് സിപിഎം പ്രതികരിച്ചു. ട്രാൻസ് വിഭാഗത്തെ ബിജെപി പ്രവർത്തകർ അപമാനിച്ചെന്ന് സിപിഎം ആരോപിച്ചു. ട്രാൻസ് വിഭാഗത്തെ ബിജെപി കയ്യേറ്റം ചെയ്തെന്നും സിപിഎം പ്രവർത്തകർ പറയുന്നു
