നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോസ് ഫ്രാങ്ക്ളിനെ സസ്പെൻഡ്‌ ചെയ്ത് കെപിസിസി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോസ് ഫ്രാങ്ക്ളിനെ സസ്പെൻഡ്‌ ചെയ്ത് കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യകുറിപ്പിൽ ജോസ് ഫ്രാങ്കിളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. വായ്പ ശരിയാക്കാൻ തനിക്ക് വഴങ്ങണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടെന്നാണ് ആരോപണം. കേസിൽ പ്രതി ചേർക്കപ്പെട്ട ജോസ് ഫ്രാങ്ക്ളിന് ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത്. ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ആത്മഹത്യ എന്ന് സ്ഥിരീകരിക്കുകയായിരുന്നു. മക്കൾക്ക് എഴുതിയ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് ഇപ്പോൾ പുറത്ത് വന്നത്. നാല് മാസം മുൻപ് ആരംഭിച്ച ബേക്കറിക്ക് വായ്പ ശരിയാക്കി തരാം എന്നുപറഞ്ഞ് ജോസ് ഫ്രാങ്ക്ളിൻ തന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ജോസ് നിരന്തരം കടയിലെത്തി ശല്യപ്പെടുത്തിയിരുന്നെന്നും കുറിപ്പിലുണ്ട്. ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല, ഞാന്‍ പോകുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. വീട്ടമ്മയുടെ കുടുംബത്തിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും, ലൈംഗികാതിക്രമവും ചുമത്തിയിരുന്നു. ഒളിവിൽ പോയ ഫ്രാങ്ക്ളിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവധിച്ചു. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി വീട്ടമ്മയുടെ മകനും രംഗത്ത് എത്തിയിട്ടുണ്ട്.