മലപ്പുറം: മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ സുധാകരൻ എംപി  കേസിന്റെ ചുമതല വഹിക്കും. സിബിഐ അന്വേഷണമെന്ന കാര്യത്തിൽ കോണ്‍ഗ്രസ് ഉറച്ചു നിൽക്കുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജി അം​ഗീകരിച്ചാണ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്ന് ഉത്തരവിട്ടത്. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വർഷം മാർച്ചിൽ ജസ്റ്റിസ് ബി കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ സമര്‍പ്പിച്ചത്.

ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ അച്ഛൻ സി പി മുഹമ്മദ് പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ​ഗൂഢാലോചനയിൽ നിരവധി നേതാക്കൻമാർക്ക് പങ്കുള്ളതിനാലാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും മുഹമ്മദ് ആരോപിച്ചു. 

Read Also: സിബിഐ അന്വേഷണത്തിനായി സുപ്രീംകോടതിയെ സമീപിക്കും, സർക്കാരിന് ഭയമെന്ന് ഷുഹൈബിന്‍റെ അച്ഛൻ