Asianet News MalayalamAsianet News Malayalam

ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം; പ്രതികരിക്കാതെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും

ഉമ്മൻ ചാണ്ടി നയിക്കും, യുഡിഎഫ് ജയിക്കും... എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ ഉമ്മൻ ചാണ്ടിയെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയത്. 

congress workers welcomed oomen chandy and chenithala
Author
Thiruvananthapuram, First Published Jan 18, 2021, 11:44 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ട സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ഉമ്മൻ ചാണ്ടി നയിക്കും, യുഡിഎഫ് ജയിക്കും... എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ ഉമ്മൻ ചാണ്ടിയെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയത്. 

ദില്ലിയിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത് രാത്രിയോടെ തിരിച്ചെത്തിയത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോയി. പുനസംഘടനയുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകൾക്കായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ തുടരുകയാണ്. 

നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന് രാവിലെ ദില്ലിയിൽ നടന്ന ചര്‍ച്ചയിൽ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ച വേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം നിശ്ചയിക്കാമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ആകെ എകെ ആൻറണി കേരളത്തിലുണ്ടാകുമെന്ന് തീരുമാനിച്ച് പ്രചാരണത്തിൻറെ നേതൃത്വവും എഐസിസി ഏറ്റെടുക്കും.

ഉമ്മൻചാണ്ടി കൂടെയില്ലാതെ വിജയസാധ്യതയില്ലെന്ന ഘടകകക്ഷി നേതാക്കളുടെ  അഭിപ്രായമാണ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ. മത്സരിക്കുന്ന കാര്യത്തിൽ ഉമ്മൻചാണ്ടി സ്വയം തീരുമാനം എടുക്കട്ടെ എന്നതായിരുന്നു നേരത്തെ എഐസിസിയുടെ നിലപാട്. അത് മാറ്റി രണ്ടു പേരും മത്സരിക്കണം എന്ന് തന്നെ ഇപ്പോൾ നിർദ്ദേശിക്കുകയാണ് കേന്ദ്രനേതൃത്വം. തദ്ദേശഭരണ തെരഞ്ഞെുപ്പിലെ തോൽവിയാണ് ഉമ്മൻചാണ്ടിയുടെ വരവിന് വഴിയൊരുക്കിയ പ്രധാന കാരണം. രമേശ് ചെന്നിത്തലയെ മാത്രം മുന്നിൽ നിറുത്തി പോകാനാവില്ലെന്നാണ് മുസ്ലിംലീഗിൻറെയും നിലപാട്. 

എന്നാൽ നേതൃത്വം ആർക്കെന്ന് ഇപ്പോൾ ചർച്ചയില്ല. പ്രചാരണനേതൃത്വവും ഈ രണ്ടു നേതാക്കൾക്കും നല്കില്ല. തെരഞ്ഞെടുപ്പ് വിജയിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് തീരുമാനിക്കും. പ്രചാരണത്തിൽ എഐസിസിയുടെ സജീവ ഇടപെടൽ ഉണ്ടാകു. പ്രഖ്യാപനം കഴിഞ്ഞാൽ വോട്ടെടുപ്പ് വരെ എകെ ആൻറണി കേരളത്തിലുണ്ടാകും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമെത്തി പ്രചാരണത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് പ്രചാരണത്തിലുടനീളം ചർച്ചകൾക്ക് ഇടയാക്കുന്നതാണ് ഹൈക്കമാൻഡ് തീരുമാനം. 

രണ്ടു നേതാക്കൾക്കും പ്രചാരണ ചുമതല നല്കാത്തപ്പോൾ തെരഞ്‍ഞെടുപ്പിനു ശേഷമുള്ള മറ്റു സാധ്യതകളിലേക്കും അത് വഴിതുറക്കുന്നു. എകെ ആൻറണിയുടെ നിരന്തര സാന്നിധ്യം മുഖ്യമന്ത്രിസ്ഥാനത്തേക്ക് മൂന്നാമതൊരു പേര് വരുമോ എന്ന അഭ്യൂഹങ്ങൾക്കിടയാക്കും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻറെ നീക്കങ്ങളും പ്രധാനമാകും. എന്തായാലും നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തുറന്നിട്ടുകൊണ്ട് കേരളത്തിലെ തെരഞ്‍ഞെടുപ്പിൻറെ കടിഞ്ഞാൺ കോൺഗ്രസ് ഹൈക്കമാൻഡ് കൈയ്യിൽ വയ്ക്കുകയാണ്.
 

Follow Us:
Download App:
  • android
  • ios