Asianet News MalayalamAsianet News Malayalam

'പഴയ യുഎൻഎ അല്ല ഇത് ,ഒരു ജാസ്മിൻ ഷാ പോയാൽ നൂറ് ജാസ്മിൻ ഷാമാര്‍ വരും'; യുഎന്‍എ കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്

ഗൂഢാലോചനക്ക് പിന്നില്‍ മുന്‍ മന്ത്രിയും ചില ആശുപത്രി മുതലാളിമാരും മാധ്യമങ്ങളും യുവജന സംഘടന പ്രതിനിധികളും സംഘടനയ്ക്കുള്ളിലുണ്ടായിരുന്ന വര്‍ഗ വഞ്ചകരുമാണെന്നും ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി.

conspiracy against us-Jasmin shah
Author
Trivandrum, First Published May 9, 2019, 9:28 AM IST

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുഎന്‍എ ഭാരവാഹികള്‍ക്കെതികെ ഉയര്‍ന്ന സാമ്പത്തിക അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പ്രസിഡന്‍റ് ജാസ്മിന്‍ ഷാ. പരാതി അടിസ്ഥാന രഹിതമാണെന്നുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍ അട്ടിമറിച്ച് പുതിയ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നീക്കത്തിന് പിന്നില്‍ മുന്‍ മന്ത്രിയും ചില ആശുപത്രി മുതലാളിമാരും മാധ്യമങ്ങളും യുവജന സംഘടന പ്രതിനിധികളും സംഘടനയ്ക്കുള്ളിലുണ്ടായിരുന്ന വര്‍ഗ വഞ്ചകരുമാണെന്നും ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ(എഫ്ഐആര്‍) പകര്‍പ്പിന്‍റെ അവസാന പേജ് അദ്ദേഹം പോസ്റ്റ് ചെയ്തു. തനിക്കെതിരെയ കൃത്യമായി ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയെന്നും സംഘടനയെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി. ജാസ്മിന്‍ ഷാ തകര്‍ന്നാല്‍ സംഘടന തകരുമെന്നുള്ള ധാരണ തെറ്റാണെന്നും പഴയ യുഎന്‍എ അല്ലെന്നും ഒരു ജാസ്മിന്‍ ഷാ പോയാല്‍ നൂറ് ജാസ്മിന്‍ ഷാമാര്‍ വരുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. 
രണ്ടു മാസത്തിനകം മൂന്നാമത്തെ ടീമിലേക്ക് അന്വേഷണ ചുമതല സർക്കാർ കൈമാറിയതിനെതിരെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ ക്രൈംബ്രാഞ്ച് എസ് പി സുദർശന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പരാതിയില്‍ കഴമ്പില്ലെന്നാണ് എഫ്ഐറില്‍ പറയുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പ്രിയരെ,

മാസങ്ങൾ നീണ്ട ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമായിരുന്നു യു എൻ എ ക്കും എനിക്കുമെതിരെ ഒന്നര മാസം മുൻപ് പരാതികളും മാധ്യമ വാർത്തകളും അതിനു പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണ ഉത്തരവ് ഇറങ്ങിയതും .
പെട്ടെന്നുണ്ടായ സംഘടനാ പ്രശനങ്ങളുടെ ഭാഗമായി പൊട്ടി പുറപ്പെട്ട വിവാദങ്ങൾ എന്ന് തോന്നിപ്പിക്കുമെങ്കിലും അതിന് പിന്നിൽ 
കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. അണിയറയിലും അരങ്ങത്തുമായി ഒട്ടനവധി പേർ അണി നിരന്ന നല്ല സ്ക്രിപ്റ്റുമായി തന്നെ ആയിരുന്നു ആ നാടകങ്ങൾ വെളിച്ചം കണ്ടത് .

മുൻ മന്ത്രി അടക്കമുള്ള രാഷ്ട്രീയ -തൊഴിലാളി—യുവജന നേതാക്കൾ ,ചില മാധ്യമ പ്രവർത്തകർ (പ്രത്രേകിച്ച് 2 ദ്യശ്യ മാധ്യമ റിപ്പോർട്ടർമാർ) ,ആശുപത്രി മുതലാളിമാർ, പി ആർ ഏജന്റ്സ് ,പ്രൈവറ്റ് ഡിറ്റക്ടീവ്‌സ് ,ഉദ്യോഗസ്ഥർ ,ചില നേഴ്‌സിങ് സുഹൃത്തുക്കൾ, കടലാസ് നേഴ്സിംഗ് സംഘടനകൾ, അങ്ങനെ അത്യാവശ്യം ഒരു ബിഗ് ബജറ്റ് സംരംഭം ..
മുൻ കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രകാരം അന്വേഷണം നടക്കുമെന്നാണ് അവരെ പോലെ തന്നെ ഞങ്ങളും ആദ്യം കരുതിയത് .പക്ഷെ സർക്കാരിന് വളരെ അഭിമതർ ആവുമ്പോഴും തൃശൂർ ക്രൈംബ്രാഞ്ച് എസ് പി സുദർശൻ സാറിന്റെ നേതൃത്വത്തിലുള്ള 
വളരെ സത്യസന്ധരായ ഉദ്യോഗസ്ഥർ ആയിരുന്നു അന്വേഷണത്തിന് ചുമതല ഉണ്ടായിരുന്നത് .അവിടെയാണ് ഗൂഡാലോചനാ സംഘത്തിന്റെ പ്ലാനിങ്ങിൽ ചില പാളിച്ചകൾ പറ്റിയത് എന്ന് ഞങ്ങൾ കരുതുന്നു.
വളരെ സമഗ്രമായ ക്രൈം ബ്രാഞ്ച് അന്വേഷണം ,ഓരോ രേഖയും പരിശോധിച്ച് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ യു എൻ എ യ്ക്കെതിരെ ആരോപിക്കപ്പെട്ട ആക്ഷേപങ്ങൾ ,പരാതികൾ എന്നിവയിൽ ഒന്നും കഴമ്പില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത് .

ഞാൻ മനസ്സിലാക്കുന്നത് ദിലീപ് കേസ് അടക്കമുള്ള പ്രമാദമായ കേസുകൾ അന്വേഷിച്ചത് സുദർശൻ സാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് എന്നാണ് .ഇപ്പോൾ ഈ ടീമിനെ മാറ്റി തിരുവനന്തപുരത്തെ മറ്റൊരു ക്രൈംബ്രാഞ്ച് അന്വേഷണ യൂണിറ്റിലേക്ക് അന്വേഷണം മാറ്റി ഉത്തരവ് വന്നിരിക്കുകയാണ്. ‘വിടില്ല ഞങ്ങൾ ’ എന്ന് പ്രഖ്യാപിച്ചവർ 
അന്വേഷണം അട്ടിമറിക്കാൻ ഉന്നതങ്ങളായ അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്തി എന്ന് സംശയിക്കതക്ക വിധത്തിൽ 
തന്നെയാണ് കാര്യങ്ങൾ പോകുന്നത്. സംശയവും ആശങ്കയും ജനിപ്പിക്കുന്ന തരത്തിൽ ആണ് രണ്ടു മാസത്തിനകം മൂന്നാമത്തെ ടീമിലേക്ക് അന്വേഷണ ചുമതല സർക്കാർ കൈമാറുന്നത് .ഇതിനെതിരെ ബഹുമാനപ്പെട്ട ഹൈ കോടതിയെ സമീപിച്ചിരിക്കുകയാണ് ഞങ്ങളിപ്പോൾ. അറിയാൻ കഴിഞ്ഞിടത്തോളം യു എൻ എ ക്ക് ക്ലീൻ ചിറ്റ് നൽകുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്റെ മേശപ്പുറത് ഇരിക്കുമ്പോഴും ‘കണ്ണടച്ച് ഇരുട്ടാക്കി ’ഞാൻ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തിൽ വ്യാജ വാർത്താ നിർമിതിയിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയാണ് മാതൃഭൂമിയുടെ റിപ്പോർട്ടർ.ഈ ക്വട്ടേഷൻ റിപ്പോർട്ടിങ്ങിനെതിരെ മാന നഷ്ടത്തിന് കോടതിയെ സമീപിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം .
കോടതിയിലെ ജഡ്ജിയാണോ ,മാധ്യമ സ്റ്റുഡിയോകളിലെ ജഡ്ജിമാരാണോ ശെരിക്കും വിധി കർത്താക്കൾ എന്നറിയണ്ടേ ? 
ഞങ്ങൾക്കറിയാം ഇപ്പോഴും ഇവർ ചികയുന്നുണ്ട് .അന്വേഷണ കണ്ണടകളുമായി എന്റെയും യു എൻ എ യുടെയും പിന്നിൽ ഉണ്ട് ഈ മഹാന്മാർ. ഞാൻ പഠിച്ച കോളേജ്, യൂണിവേഴ്‌സിറ്റി, നാട്, വീട് ,കുടുംബം, കൂട്ടുകാർ എല്ലായിടത്തും ഭൂത കണ്ണാടിയുമായി ഇവർ വന്നു പോകുന്നുണ്ട്.
ഇത് ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആയതിനാൽ യുവജന സംഘടനാ നായകനും ഈ യു എൻ എ വിരുദ്ധ -ജാസ്മിൻഷാ വിരുദ്ധ പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഞാൻ വീണ്ടും പറയുന്നു ഞാൻ തകർന്നാൽ
യു എൻ എ തകർന്നുവെന്നും സംഘടനാ കൈപ്പിടിയിൽ ആക്കാമെന്നും ഉള്ള നിങ്ങളുടെ അജണ്ട അതിമോഹം മാത്രമാണ് .
പഴയ യു എൻ എ അല്ല ഇത് ,ഒരു ജാസ്മിൻഷാ പോയാൽ ഒരു നൂറ് ജാസ്മിൻഷാ ഉണ്ട് .ഈ സംഘടനാ കൂടുതൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. (ഒറ്റുകാരെയും വർഗ്ഗ വഞ്ചകരെയും ഒഴിവാക്കി കൊണ്ട് തന്നെ )..
ഞങ്ങളെ നിങ്ങൾക്ക് കയ്യാമം വെക്കാൻ ആയേക്കാം ,ജയിലുകളിൽ തള്ളാനായേക്കാം .അധികാരവും തെളിവുകളും നിങ്ങൾ ഉണ്ടാക്കുന്നതാണ്. പക്ഷെ എല്ലാ മൂടിയ ഫയലുകളും ഞങ്ങളും കൊണ്ട് വരും .എല്ലാ പാറയും വീണ്ടും കുഴിക്കപ്പെടും .ഒരു തെളിവും ആർക്കും എല്ലാ കാലത്തേക്കും ഇല്ലാതാക്കാനാകില്ല ..

ഇതൊരു മാറ്റത്തിന്റെ തുടക്കമാണ് .ഞങ്ങൾ ആം ആദ്മിയെ പോലെ വളരുമെന്നും സ്വതന്ത്ര -അരാജക സംഘടനയാവും എന്നാണ് നിങ്ങളുടെ ആശങ്കയെങ്കിൽ അത് സത്യമാണ് .ആം ആദ്മിയായല്ല സിനിമ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ ’അതുക്കും മീതെ ‘ഞങ്ങൾ വരും. നിങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുംതോറും ,ചവിട്ടി താഴ്ത്താൻ ശ്രമിക്കുംതോറും ചിതറി നിന്നവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ട് വന്ന് പ്രതിരോധത്തിന്റെ മഹാ മതിലുകൾ ഞങ്ങളും തീർക്കും .ഭാവി ഞങ്ങളുടേത് കൂടിയാണ് .നാളെ ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. നിങ്ങളുടെ പെട്ടിയിൽ അടക്കം ചെയ്യാവുന്ന വലുപ്പമല്ല ഇന്ന് ഞങ്ങൾക്കുള്ളത് .അഭിമാനത്തോടെ പറയാനാകും നിരവധി സംസ്ഥാനങ്ങൾ ,പല രാജ്യങ്ങൾ അവിടെയെല്ലാം ഞങ്ങളുണ്ട് .
ഈ ഗൂഡാലോചന സംഘത്തിന്റെ വലിപ്പവും ആൾബലവും അധികാരവും സമ്പത്തും സ്വാധീനവും എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങൾ ഈ യുദ്ധത്തിൽ അണി നിരക്കുന്നത്. അധികം വൈകാതെ ഈ സ്ക്രിപ്റ്റിന് പിന്നിലെ എല്ലാ പേരുകളും പൊതുജന മധ്യത്തിൽ ഞങ്ങൾ വിളിച്ചു പറയും.

മാധ്യമ പ്രവർത്തകരോട് ,
എല്ലാവരോടുമല്ലട്ടോ ഞങ്ങളെ സ്നേഹിക്കുന്ന ,കേൾക്കുന്ന ,അറിയുന്ന എല്ലാ മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടും ഉള്ള ബഹുമാനവും സ്നേഹവും സൂക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ (അവർ ക്ഷമിക്കുക)
വേണ്ടി വന്നാൽ ഞങ്ങളും തുടങ്ങും നിങ്ങൾക്കിടയിലെ ചതിയന്മാരുടെ നെറി കേടും അഴിമതിയും അവിശുദ്ധ കൂട്ടുകെട്ടുകളും വിളിച്ചു പറയാൻ ഒരു മാധ്യമം ...
അധികാരത്തിന്‍റെയും ആൾബലത്തിന്‍റെയും അഹങ്കാരത്തിൽ അഭിരമിക്കുന്ന ചില രാഷ്ട്രീയ തമ്പുരാക്കന്മാരോടും ഒരു മുന്നറിയിപ്പ് തരാനുണ്ട്. നിങ്ങളുടെ അധികാരമാണ് ഞങ്ങളെ ഇല്ലാതാക്കുന്നതെങ്കിൽ ആ രാഷ്ട്രീയ അധികാരത്തിന് വേണ്ടി മത്സരിക്കാൻ ഞങ്ങളും ഉണ്ടാവും. ഞങ്ങളെ നിങ്ങളുടെ തൊഴുത്തിൽ കെട്ടിക്കാനുള്ള ശ്രമമാണെങ്കിൽ അത് നടക്കില്ല എന്നത് ഓർമിപ്പിക്കുന്നു. വീണ്ടും ഓർമ്മപ്പെടുത്തട്ടെ ഒരു രാത്രി ഇരുൾ മൂടി കെടുക്കുന്നത് കൊണ്ടൊന്നും ലോകം അവസാനിക്കില്ല. പ്രഭാതം വരിക തന്നെ ചെയ്യും...പ്രതിസന്ധിയിൽ പിന്തുണച്ചവരെ ജീവിതകാലം മറക്കില്ല, കാലുവാരിയവരെയും.

ജാസ്മിൻഷാ 
ദേശീയ പ്രസിഡന്റ് 
യു എൻ എ

Follow Us:
Download App:
  • android
  • ios