Asianet News MalayalamAsianet News Malayalam

'ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് ഗൂഢാലോചന', ആഞ്ഞടിച്ച് ശ്രീധർ രാധാകൃഷ്ണൻ

'കെ റയിൽ ഉദ്യോഗസ്ഥർ എന്നെ സംവാദത്തിന് ക്ഷണിച്ചിരുന്നു. അപ്പോഴാണ് ഇതിൽ നടന്ന ഗൂഢാലോചന എനിക്ക് മനസ്സിലായത്. ശ്രീ ജോസഫ് മാത്യുവിനോടും സംസാരിച്ച് ഞാൻ ചർച്ചയിൽ പങ്കെടുക്കാം എന്നു തീരുമാനിക്കുകയും ചെയ്തു', ശ്രീധർ ഫേസ്ബുക്കിലെഴുതി. 

Conspiracy behind removing Joseph C Mathew From K Rail Debate Says Sreedhar Radhakrishnan
Author
Thiruvananthapuram, First Published Apr 25, 2022, 7:07 PM IST

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് അങ്ങേയറ്റം അപലപനീയമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ശ്രീധർ രാധാകൃഷ്ണൻ. സഹപ്രവർത്തകരുടെ അഭിപ്രായം കണക്കിൽ എടുത്ത് സംവാദത്തിൽ പങ്കെടുക്കും എന്നും ശ്രീധർ വ്യക്തമാക്കി. 'കെ റയിൽ ഉദ്യോഗസ്ഥർ എന്നെ സംവാദത്തിന് ക്ഷണിച്ചിരുന്നു. അപ്പോഴാണ് ഇതിൽ നടന്ന ഗൂഢാലോചന എനിക്ക് മനസ്സിലായത്. ശ്രീ ജോസഫ് മാത്യുവിനോടും സംസാരിച്ച് ഞാൻ ചർച്ചയിൽ പങ്കെടുക്കാം എന്നു തീരുമാനിക്കുകയും ചെയ്തു', ശ്രീധർ ഫേസ്ബുക്കിലെഴുതി. 

ശ്രീധറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: 

ജോസഫ് സി മാത്യൂ ന് പകരം വക്കാൻ പറ്റില്ല. 

കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർലൈൻ പാനൽ ചർച്ചയിൽ നിന്നും ജോസഫ് സി മാത്യൂനെ ഒഴിവാക്കി പാനൽ പ്രഖ്യാപിച്ചത് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവും വെറും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനമാണ്.

ഇന്നലെ കെ റെയിൽ ഉദ്യോഗസ്ഥൻ എന്നെ ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് ഇതിൽ നടന്ന ഗൂഢാലോചന എനിക്ക് മനസ്സിലായതും.  സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങളിൽ എന്നോടൊപ്പം നിൽക്കുന്ന മറ്റ് എൻജിനീയർമാർ, പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച ചെയ്യുകയും ഞാൻ പങ്കെടുക്കണം എന്നു പൊതു അഭിപ്രായം വരുകയും, ശ്രീ ജോസഫ് മാത്യൂവിനോടും സംസാരിച്ചു ഞാൻ ചർച്ചയിൽ പങ്കെടുക്കാം എന്നു തീരുമാനിക്കുകയും ചെയ്തു. 

പങ്കെടുക്കൽ താഴെ പറയുന്ന ഉപാധികൾ അംഗീകരിച്ചാൽ മാത്രമേയുള്ളൂ എന്ന് കെ റയിലിനേ അറിയിക്കുകയും അവർ ഇന്ന് രാവിലെ അത് അംഗീകരിക്കുന്നു എന്ന് എനിക്ക് മെസ്സേജ് ചെയ്യുകയും ചെയ്തു. 

ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ.

ഇപ്പൊൾ വിഷയം ഇവരുടെ കയ്യിലൊന്നുമല്ല. അത് ജനങ്ങളുടെ  സമരവും ഇന്ത്യൻ റെയിൽവേ ബോർഡിന്‍റെയും കയ്യിലാണ്. അവിടെയാണ് ഇതിന്‍റെ ഭാവി നിശ്ചയിക്കപ്പെടുക. അപ്പോൾ ഇത്തരം അർത്ഥശൂന്യമായ പാനൽ ചർച്ച നാടകങ്ങൾ നടക്കട്ടെ. കാര്യങ്ങൾ പറയാൻ പറ്റുന്ന ഒരു ഇടവും നമ്മളും വിടില്ല. കേരളത്തിനെ ഈ ദുർഗതിയിൽ നിന്നും രക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണ്.

  1. സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്നവരെ മാത്രം കാണികളായി വിളിക്കരുത്. 
  2. സംവാദത്തിൽ ഉരുത്തിരിയുന്ന ആശയങ്ങൾക്ക് പുറമേ സർക്കാർ പുതുതായി ഒന്നും ചേർക്കരുത്. 
  3. രണ്ട് വാദങ്ങളും സംവാദത്തിന് ശേഷം കൃത്യമായി പ്രചരിപ്പിക്കണം 

തുടങ്ങി മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാമെന്ന ഉറപ്പിലാണ് ശ്രീധർ പങ്കെടുക്കുന്നത്.

സിൽവർലൈനിൽ പല കാര്യങ്ങളിലുമുള്ള അവ്യക്തതയുടെയും ദുരൂഹതയുടേയും ആവർത്തനമാണ് സംവാദത്തിന്‍റെ പാനലിലുമുള്ളത്. ശ്രീധർ രാധാകൃഷ്ണൻ പദ്ധതിക്കെതിരെ മികച്ച വാദമുഖങ്ങൾ ഉന്നയിക്കുന്ന പ്രമുഖനാണ്. പക്ഷെ ശ്രീധറിനെ ഉൾപ്പെടുത്തിയതിനെക്കാൾ ഇപ്പോൾ ചർച്ചയാകുന്നത്  ജോസഫിന്‍റെ ഒഴിവാക്കലാണ്. പദ്ധതിയെ എതിർക്കുന്ന മൂന്നംഗ പാനലിൽ നേരത്തെ ഉണ്ടായിരുന്ന അലോക് വർമ്മയെയും ആർ വി ജി മേനോനെയും നിലനിർത്തിയാണ് ജോസഫിനെ മാത്രം മാറ്റിയത്.

വിഎസ് അച്യുതാനന്ദന്‍റെ മുൻ ഐടി ഉപദേഷ്ടാവായ ജോസഫിനെ ചീഫ് സെക്രട്ടറിയുടെ ഓഫീസ് നിർദ്ദേശ പ്രകാരം കെ റെയിൽ ആണ് ക്ഷണിച്ചത്. പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ ജോസഫ് സംവാദം ഏകപക്ഷീയമാകരുതെന്ന് ചില നിർദ്ദേശങ്ങളും വച്ചിരുന്നു. പക്ഷേ ഇന്നലെ രാത്രിയോടെയാണ് ജോസഫിനെ ഒഴിവാക്കാനുള്ള നീക്കമുണ്ടായതും ഇന്ന് പാനലിൽ നിന്നും മാറ്റിയതും. അപ്പോഴും വ്യക്തമായ കാരണം കെ റെയിൽ വിശദീകരിക്കുന്നില്ല. 

ജോസഫിന്‍റെ വാദങ്ങൾ കൂടി ഏറ്റെടുത്തായിരുന്നു ഇടത് ആഭിമുഖ്യമുള്ളവർ സിൽവർലൈനിനെതിരെ വിമർശനവും സംശയങ്ങളും ഉന്നയിക്കുന്നത്. 

ജോസഫിന്‍റെ ഒഴിവാക്കൽ പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കി. ഇത് അസഹിഷ്ണുതയാണെന്ന് സർക്കാർ ഇടതല്ല തീവ്രവലതുപക്ഷമാണെന്നും വിഡി സതീശൻ ആരോപിച്ചു. പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിൽ നേരത്തെ ഉണ്ടായിരുന്ന ഡിജിറ്റൽ സ‍ർവ്വകലാശാല വി സി സജി ഗോപിനാഥിനെ വ്യക്തിപരമായ അസൗകര്യം കാരണം മാാറ്റി. പകരം കെ ടി യു മുൻ വിസി കുഞ്ചറിയ പി ഐസകിനെ ഉൾപ്പെടുത്തി. മോഡറേറ്ററായിരുന്ന ശാസ്ത്ര സാങ്കേതിക വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി കെ ഇ സുധീറും അസൗകര്യം മൂലം  മാറി. നാഷനൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിൽ നിന്നും വിരമിച്ച സീനിയർ പ്രൊഫസർ മോഹൻ എ മേനോനായിരിക്കും മോഡറേറ്റർ. വ്യാഴാഴ്ച തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. 

Follow Us:
Download App:
  • android
  • ios