കിഫ്ബിയുടെ 2018 മുതൽ കരാർ വെച്ച് ജോലി തുടങ്ങിയ കരാറുകാരാണ് പരാതിയുമായി രംഗത്ത് വന്നത്
തിരുവനന്തപുരം: പൂർത്തിയായ ജോലികൾക്ക് കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാർ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുകയായിരുന്നു കരാറുകാർ. കിഫ്ബി ബില്ല് തടഞ്ഞുവെക്കുകയാണ്. പുതിയ കരാറെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആത്മഹത്യയുടെ വക്കിലാണെന്നും കരാറുകാർ പറഞ്ഞു.
കിഫ്ബിയുടെ 2018 മുതൽ കരാർ വെച്ച് ജോലി തുടങ്ങിയ കരാറുകാരാണ് പരാതിയുമായി രംഗത്ത് വന്നത്. പണികൾ പൂർത്തിയാക്കി 3 വർഷം കഴിഞ്ഞിട്ടും ബില്ലുകൾ പാസാക്കാൻ കിഫ്‌ബി തയാറാവുന്നില്ല. പുതിയ നിബന്ധനകൾ വെച്ച് കിഫ്ബി ബുദ്ധിമുട്ടിക്കുന്നു. സർക്കാർ ഇടപെടണം. ബിസിനസ് നിർത്തേണ്ട അവസ്ഥയാണ്. പുതിയ കരാർ എടുക്കാൻ കഴിയുന്നില്ല. അനാവശ്യ തടസവാദം കിഫ്ബി ഉയർത്തുന്നുവെന്നും അവർ വിമർശിച്ചു. മുൻപ് തന്ന പണം പോലും തിരിച്ച് പിടിക്കുന്ന സ്ഥിതിയാണെന്ന് കരാറുകാർ പറയുന്നു. പുതിയ ഉദ്യോഗസ്ഥർക്കെതിരെയാണ് കരാറുകാരുടെ വിമർശനം.
