ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിൽ വി ഡി സതീശനെതിരെ വന്ന വിവാദ പോസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. പോസ്റ്റ് സമൂഹത്തിൽ വർഗീയതയും ചേരിതിരിവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

തിരുവനന്തപുരം: 'ബിജെപി കേരളം' എന്ന ഫേസ്ബുക്ക് പേജിലെ വിവാദ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. സമൂഹത്തിൽ വർഗീയതയും ചേരിതിരിവും ഉണ്ടാക്കുകയായിരുന്നു പോസ്റ്റിന്‍റെ ലക്ഷ്യമെന്ന് പരാതിയിൽ പറയുന്നു. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി കേരളം പേജിൽ ഒരു ചിത്രം സഹിതം വന്ന പോസ്റ്റിനെതിരെയാണ് പരാതി.

Add Asianetnews as a Preferred SourcegooglePreferred

വി ഡി സതീശൻ്റെ മുഖ്യമന്ത്രി സ്ഥാനം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ കുറിപ്പിലെ ആരോപണം. മുസ്ലീം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. കോൺഗ്രസിന്റെ ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്നും കുറിപ്പിൽ പറയുന്നു. രാഹുൽ ഗാന്ധിയും ഖാർഗെയും പാണക്കാട് തങ്ങളുടെ കാല് പിടിക്കുന്നതായും വി ഡി സതീശൻ വീശുന്നതുമായുള്ള ചിത്രവും കൂടെ ചേർത്തിരുന്നു. ഇതിനെതിരെയാണ് പരാതി.

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. '22 നേക്കാളും താഴെയാണ് ഭായീ 63' എന്നാണ് സുരേന്ദ്രന്‍റെ ഫേസ് ബുക്ക് കുറിപ്പ്. 63 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റ് കിട്ടിയ ലീഗിനാണ് എന്നാണ് സുരേന്ദ്രന്‍റെ വിമർശനം. ലീഗിന്‍റെ താത്പര്യ പ്രകാരമാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് എന്ന വിമർശനമാണ് ബി ജെ പി ഉന്നയിക്കുന്നത്.

YouTube video player