അതീവ സുരക്ഷാ മേഖലയിൽ അനിത പുല്ലയിൽ എങ്ങനെയെത്തി എന്ന് പ്രതിപക്ഷ നേതാവ്, സ്പീക്കർ മറുപടി പറയണമെന്ന് കെ.മുരളീധരൻ, സത്യാവസ്ഥ കണ്ടെത്തട്ടെ എന്ന് മന്ത്രി പി.രാജീവ്
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരളാ സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. അനിതാ പുല്ലയിൽ ലോക കേരള സഭയിൽ എത്തിയത് സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞപ്പോൾ, ആ വിഷയത്തിൽ കോൺഗ്രസ് ഇടപെടുന്നില്ല എന്ന് കെ.സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിനെതിരെ പ്രവർത്തിച്ച ആളല്ല അനിത. കോൺഗ്രസ് കേസിന് പോകേണ്ട ആവശ്യമില്ല. അതൊക്കെ സർക്കാർ തീരുമാനിക്കട്ടെ എന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട വി.ഡി.സതീശൻ, അതീവ സുരക്ഷാ മേഖലയിൽ അനിത പുല്ലയിൽ എങ്ങനെയെത്തി എന്ന് ചോദിച്ചു. രണ്ട് ദിവസമായി അവരുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവർക്ക് നുഴഞ്ഞുകയറാൻ ആവില്ല. ഒരു പ്രതിനിധി പോലും അല്ലാത്ത അനിത എങ്ങനെ അവിടെ എത്തി. ഇനിയുള്ള ഭരണത്തിൽ അവതാരം ഉണ്ടാകില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ ഷാജ് കിരണും അനിതയും ഉൾപ്പെടെ ദശാവതാരങ്ങളായി എന്നും സതീശൻ ആരോപിച്ചു.
സ്പീക്കർ മറുപടി പറയണമെന്ന് കെ.മുരളീധരൻ
അനിത പുല്ലയിൽഎങ്ങനെ സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയിൽ പങ്കെടുത്തെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. പാസ് ഇല്ലാതെ അനിത പുല്ലയിൽ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവർ എങ്ങനെ കടന്നു. സ്പീക്കർക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കർ മറുപടി പറയണമെന്നും കെ.മുരളീധരൻ പറഞ്ഞു. കളങ്കിതരായ ആളുകൾ ഭരണത്തിൻറെ പങ്ക് പറ്റുകയാണെന്നും കെ.മുരളീധരൻ ആരോപിച്ചു.
സത്യാവസ്ഥ കണ്ടെത്തട്ടെ എന്ന് മന്ത്രി പി.രാജീവ്
നിയമസഭാ മന്ദിര സമുച്ചയത്തിൽ അനിത പുല്ലയിൽ എത്തിയ സ൦ഭവ൦ അന്വേഷിക്കുമെന്ന് സ്പീക്ക൪ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ്. ഒരു മാധ്യമ സ്ഥാപനത്തിന്റെ വാഹനത്തിൽ അനിത വന്നതായി വാർത്തകൾ കണ്ടു. ഇക്കാര്യത്തിൽ സത്യാവസ്ഥ കണ്ടെത്തട്ടെ. നല്ലതൊന്നു൦ കാണാതെ മാധ്യമങ്ങൾ ദുഷ്പ്രചരണ൦ മാത്രം നടത്തുകയാണെന്നും പി.രാജീവ് പറഞ്ഞു.
അനിതയെ ക്ഷണിച്ചിരുന്നില്ലെന്ന് നോർക്ക
അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
അനിത പുല്ലയിലിനെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിരുന്നില്ല: നോർക വൈസ് ചെയർമാൻ
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു
പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോൺസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതി ചേര്‍ത്തിട്ടില്ല.
മോൻസൻ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തി: അനിത പുല്ലയിലിനെ ചോദ്യം ചെയ്തു
കള്ളപ്പണ ഇടപാടിൽ ഇഡിയുടെ അന്വേഷണ പരിധിയിലും അനിത പുല്ലയിലുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയിൽ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവൻ സമയവും അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്. വ്യവസായികൾക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു.
