സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്നും പുതിയ സെക്രട്ടറി വി. ചെന്താമരാക്ഷൻ വ്യക്തമാക്കി.

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇ. എൻ സുരേഷ് ബാബുവിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതികൾ ലഭിച്ചിട്ടില്ല. സ്വയം മാറി നിൽക്കുകയാണെന്നാണ് സുരേഷ് ബാബു ആവശ്യപ്പെട്ടത്. യുവതിയുടേത് ഉൾപ്പെടെ പരാതികൾ മാധ്യമ വാർത്തകൾ മാത്രമാണെന്നും പാലക്കാട്‌ വിഭാഗീയത ഇല്ലെന്നും ചെന്താമരാക്ഷൻ വ്യക്തമാക്കി.

അതേ സമയം, തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ നടപടിയുടെ ഭാഗമായാണ് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയെ നേതൃത്വം മാറ്റിയതെന്നാണ് സിപിഎം വിശദീകരണം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വനിതാ നേതാവിന്‍റെയടക്കം പരാതികളെ തുടർന്നാണ് ഇ എൻ സുരേഷ് ബാബുവിനെയാണ് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സി പി എം നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെന്നാണ് സുരേഷ് ബാബു പ്രതികരിച്ചത്. സുരേഷ് ബാബുവിന്‍റെ പടിയിറക്കത്തിൽ പെരുമാറ്റ ദൂഷ്യമാണ് കാരണമായതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്അടക്കം ഉന്നയിച്ച് രംഗത്തെത്തി കഴിഞ്ഞു.