സംസ്ഥാനത്തെ എസ്എച്ച്ഒമാരുടെ സ്ഥലംമാറ്റ പട്ടികയിൽ അന്തിമ തീരുമാനമായില്ല. ചില നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതുക്കിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് ആഭ്യന്തരവകുപ്പിൽ നിന്നും പുറത്തുവരുന്ന വിവരം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) മാരുടെ സ്ഥലംമാറ്റ പട്ടികയിൽ ആഭ്യന്തര വകുപ്പിൽ അന്തിമ തീരുമാനമായില്ല. മുൻ ഇടതുഭരണകാലത്ത് നിർണായക തസ്തികകളിൽ ഇരുന്ന പ്രമുഖ ഉദ്യോഗസ്ഥരിൽ പലർക്കും പുതിയ ഉത്തരവിൽ ചുമതലകൾ നൽകിയിട്ടില്ല. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രശാന്ത് ഉൾപ്പെടെയുള്ളവർ ഇതിൽപ്പെടും. ഇ ഡി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിനെ മ്യൂസിയം സ്റ്റേഷനിൽ നിന്നും മാറ്റി എന്നതാണ് മറ്റൊരു പ്രധാനകാര്യം. ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ സ്ഥലമാറ്റമാണിത്. യൂത്ത് കോൺഗ്രസ് സമരക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത മുൻ കന്റോൺമെന്റ് എസ് എച്ച് ഒ ഷാഫിക്കും പുതിയ സ്ഥലംമാറ്റ പട്ടികയിൽ ഇതുവരെ നിയമനം ലഭിച്ചിട്ടില്ല.
പുതിയ ഉത്തരവ് വൈകില്ല
അതേസമയം, നിലവിലെ എസ് എച്ച് ഒ സ്ഥലംമാറ്റ പട്ടികയിൽ ഉടൻ മാറ്റം വരുത്തുമെന്നാണ് വിവരങ്ങൾ. ചില നിയമനങ്ങളിൽ വിടവുകളും വീഴ്ചകളും ഉണ്ടായതായി ആഭ്യന്തരവകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. നിയമനങ്ങളിലെ തർക്കങ്ങൾ പരിഹരിച്ച് പുതുക്കിയ പുതിയ സ്ഥലംമാറ്റ ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നാണ് ആഭ്യന്തരവകുപ്പിൽ നിന്നും പുറത്തുവരുന്ന വാർത്ത.
