തിരുവനന്തപുരം: ജയിലിൽ വച്ച് സ്വപ്നാ സുരേഷിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. അഭിഭാഷകൻ എഴുതി നൽകിയ രേഖകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് സ്വപ്ന പറഞ്ഞതായി ഡിഐജിയുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ ഭീഷണിയുണ്ടെന്ന് സ്വപ്ന നേരിട്ട് കോടതിയിൽ പറഞ്ഞതിന് ഘടക വിരുദ്ധമായാണ് ജയിൽ വകുപ്പിൻ്റെ റിപ്പോർട്ട്. 

സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് തനിക്ക് ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന കാര്യം സ്വപ്ന നേരിട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വപ്നയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ലെന്നും അതിനാൽ സുരക്ഷ ശക്തമാക്കണമെന്നും സ്വപ്നയെ കേട്ട ശേഷമുള്ള കോടതിയുടെ ഉത്തരവിൽ പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ജയിൽ ഡിഐജി അജയ്കുമാർ ഈ ആരോപണങ്ങളെല്ലാം തള്ളി.

അന്വേഷണത്തിൻ്റെ ഭാഗമായി സ്വപ്നയോടും വിവരങ്ങള്‍ ശേഖരിച്ചു. ജയിലിനുള്ളിൽ ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ നൽകിയ അപേക്ഷയിൽ ഒപ്പിട്ടു നൽകുക മാത്രമാണ് ചെയ്തെന്നാണ് സ്വപ്ന പറഞ്ഞതായി അന്വേഷണ റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. ഇതോടെ റിപ്പോർട്ടിലെ ദുരൂഹത വർദ്ധിക്കുന്നു. കോടതിയ്ക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞതോണോ അതോ ജയിലിനുള്ളിൽ സമ്മർദ്ദങ്ങള്‍ക്കൊടുവിൽ മൊഴി മാറ്റിയതാണോ എന്നതാണ് ദുരൂഹം. 

കോടതിയില്‍ സുരക്ഷ ഭീഷണിയുണ്ടെന്ന മൊഴി മാറ്റിപ്പറയുകയാണെങ്കിൽ സ്വപ്നക്കെതിര കോടതിക്കു തന്നെ നിയമപടി സ്വീകരിക്കാം. എന്നാൽ ഡിഐജിയുടെ റിപ്പോർട്ട് ലഭിച്ച കാര്യം ജയിൽ മേധാവി സ്ഥികരിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി എന്ന നിലക്ക് കോടതിയുടെ അനുമതിയില്ലാതെ സ്വപ്നയുടെ മൊഴി രേഖപ്പെടുത്താൻ ജയിൽവകുപ്പിന് കഴിയില്ല. ഈ സാഹചര്യത്തിൽ സർക്കാരിന് ജയിൽ ഡിജിപി കൊടുക്കുന്ന റിപ്പോർട്ടിൽ സ്വപ്നയുടെ വിശദീകരണം ചേർക്കുമോ എന്ന് വ്യക്തമല്ല.