'സഹകരണ മേഖലയെ സംരക്ഷിക്കണം'; എംവി രാഘവൻ അനുസ്മരണ പരിപാടിയിൽ വീഡിയോ സന്ദേശവുമായി കുഞ്ഞാലിക്കുട്ടി
സിഎംപി അതൃപ്തിയറിയിച്ചതോടെയാണ് സാന്നിധ്യം വീഡിയോ സന്ദേശത്തിൽ ഒതുക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോൺഗ്രസാണെന്ന് സിപിഎം വിമർശിച്ചു. വിലക്കിന് വഴങ്ങുന്നവരല്ലെന്നായിരുന്നു ലീഗ് മറുപടി.

കണ്ണൂർ: കണ്ണൂരിൽ സിപിഎം അനുകൂല ട്രസ്റ്റിന്‍റെ എംവി രാഘവൻ അനുസ്മരണ പരിപാടിക്ക് നേരിട്ടെത്താതെ പികെ കുഞ്ഞാലിക്കുട്ടി. സിഎംപി അതൃപ്തിയറിയിച്ചതോടെയാണ് സാന്നിധ്യം വീഡിയോ സന്ദേശത്തിൽ ഒതുക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോൺഗ്രസാണെന്ന് സിപിഎം വിമർശിച്ചു. വിലക്കിന് വഴങ്ങുന്നവരല്ലെന്നായിരുന്നു ലീഗ് മറുപടി.
മുസ്ലീം ലീഗിനോടുളള സിപിഎം ചായ്വിന്‍റെയും ക്ഷണിക്കലുകളുടെയും കാലത്ത് കണ്ണൂരിൽ എംവി രാഘവൻ അനുസ്മരണവും സഹകരണ സെമിനാറും. സിപിഎം അനുകൂല ട്രസ്റ്റിന്‍റെ പരിപാടിയിൽ മുഖ്യപ്രഭാഷകനായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ സിഎംപി ഉടക്കി. സിപി ജോൺ കുഞ്ഞാലിക്കുട്ടിയെ അതൃപ്തിയറിയിച്ചു. ഇതോടെ ക്ഷണിച്ചില്ലെങ്കിലും സിഎംപി സംഘടിപ്പിക്കുന്ന പരിപാടിയിലും എത്താമെന്നായി കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെത്തിയാൽ വിവാദമാകുമെന്ന് കണ്ടതോടെ അവസാന നിമിഷം യാത്ര ഒഴിവാക്കി. സഹകരണ മേഖലയെ സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കണമെന്ന് എംവിആർ ട്രസ്റ്റിന്‍റെ പരിപാടിയിൽ വീഡിയോ സന്ദേശത്തിൽ പറയുന്നു.
ലീഗിന് കോൺഗ്രസിന്‍റെ തുടർ വിലക്കുകളെന്നും അതിന്‍റെ ബാക്കിയാണിതെന്നുമാണ് സിപിഎം പറയുന്നത്. എന്നാൽ വിലക്കിൽ വീഴുന്നവരല്ല മുസ്ലിം ലീഗെന്നാണ് ലീഗിന്റെ മറുപടി. എംവിആറിന്‍റെ പേരിൽ വിവാദം വേണ്ടെന്ന് കരുതിയാണ് നേരിട്ട് എത്താത്തതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിക്കുന്നു. എന്നാൽ സാന്നിധ്യമൊഴിവാക്കാൻ യുഡിഎഫ് നേതൃതലത്തിൽ തന്നെ ആവശ്യമുണ്ടായെന്നാണ് വിവരം.
https://www.youtube.com/watch?v=Ko18SgceYX8