കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന തൊടുപുഴ സ്വദേശി ലിനോ ആബേലിന്‍റെ പരിശോധന ഫലം നെഗറ്റീവ്. നിരീക്ഷണത്തിലായതിനാൽ കഴിഞ്ഞ ദിവസം മരിച്ച പിതാവിനെ അവസാനമായി കാണാൻ കഴിയാതിരുന്നതിന്‍റെ ദുഖം പങ്കുവച്ച ലിനോയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ലിനോയുടെ കരുതലിനെ മുഖ്യമന്ത്രിയും അഭിനന്ദിച്ചിരുന്നു.

ആറ് ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ രാവിലെയാണ് ലിനോ അബേലിന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവാണെന്ന് ഡോക്ടർമാർ അറിയിച്ചത്. ഹൃദ്രോഗിയായ പിതാവ് കട്ടിലിൽ നിന്ന് വീണ് തലപൊട്ടി ഗുരുതരാവസ്ഥയിലാണെന്ന വിവരം ലിനോയ്ക്ക് ലഭിച്ചത് കഴിഞ്ഞ ഒൻപതാം തീയതിയാണ്. തൊട്ടുപിന്നാലെ ഖത്തറിലെ ദോഹയിൽ നിന്ന് ലിനോ നാട്ടിലെത്തി.

Also Read: "വീഡിയോകാളിലൂടെയാണ് അച്ചാച്ചനെ അവസാനമായി കണ്ടത്"; ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് യുവാവിന്‍റെ ഹൃദയംതൊടുന്ന കുറിപ്പ്

ലിനോ നേരെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിലായതിനാൽ പിതാവ് ആബേലിനെ കാണാനായില്ല. ഇതിനിടെ ആരോഗ്യപ്രശ്നങ്ങൾ ലിനോ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അറിയിച്ചു. ഉടൻ തന്നെ അവർ ലിനോയെ നീരീക്ഷണ വാർഡിലേക്ക് മാറ്റി. ഇതിനിടെ അന്ന് രാത്രി പിതാവ് ആബേൽ മരിച്ചു.

കഴിഞ്ഞ പത്തിന് തൊടുപുഴ കലയന്താനിയിലെ പള്ളി സെമിത്തേരിയിൽ ആബേലിന്‍റെ മൃതദേഹം സംസ്കരിച്ചു. പിതാവിന്‍റെ മരണത്തിലും സംയമനം പാലിച്ച് സഹജീവികളോട് കാണിച്ച കരുതലിനാണ് ലിനോയെ മുഖ്യമന്ത്രി അഭിനന്ദിച്ചത്. പരിശോധനഫലം നെഗറ്റീവായതോടെ ആശുപത്രി വിടുന്ന ലിനോ ആദ്യമെത്തുക പിതാവിന്‍റെ കുടിമാടത്തിലേക്കാകും. മറ്റുള്ളവരോട് ലിനോയ്ക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിരീക്ഷണ വാർഡ് കോൺസെന്‍ററേഷൻ ക്യാമ്പല്ല, കുറച്ച് ദിവസം ഇതിനായി മാറ്റിവച്ചാൽ കുടുംബത്തോടൊപ്പം സുഖമായി കഴിയാം എന്ന് ലിനോ പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക