കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കുമെങ്കിലും  ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനുശേഷമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍. ഫ്ലാറ്റുടമകള്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം ലഭിച്ചതിനുശേഷം മാത്രം നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭയുടെ നീക്കം.

ഫ്ലാറ്റുകളില്‍ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്ലാറ്റുടമകള്‍ നല്‍കിയ മറുപടി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അയച്ചതായി സെക്രട്ടറി പറഞ്ഞു. നോട്ടീസ് നിയമാനുസൃതമായല്ല നൽകിയതെന്ന ഫ്ലാറ്റുടമകളുടെ മറുപടി സർക്കാരിനും കൈമാറിയിട്ടുണ്ട്. 

അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍. നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടങ്ങുമെന്നും താമസക്കാര്‍ പറയുന്നു.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങളോടും ‌അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു നഗരസഭയുടെ നിർദ്ദേശം. പത്താം തീയതിയാണ് ഇത് സംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.  നോട്ടീസ് കുടുംബങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളിൽ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. 

പ്രതിഷേധം ശക്തമാക്കാന്‍ ഫ്ലാറ്റുടമകള്‍

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രതിഷേധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഫ്ലാറ്റുടമകള്‍. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് കൈപ്പറ്റിയിട്ടില്ലെങ്കിലും നോട്ടീസിന് നഗരസഭയ്ക്ക് മറുപടി നല്‍കിയെന്ന് ഫ്ലാറ്റുടമകള്‍ പറഞ്ഞു. പന്ത്രണ്ട് ഫ്ലാറ്റ് ഉടമകളാണ് നഗരസഭയ്ക്ക് മറുപടി നൽകിയത്. 

അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉടമകള്‍. നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.  രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും തുടങ്ങുമെന്നും താമസക്കാര്‍ പറയുന്നു. 

മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച  ഫ്ളാറ്റുടമകൾ സുപ്രീംകോടതിയിൽ തിരുത്തൽ ഹര്‍ജി നൽകിയിരുന്നു. തീരദേശ സംരക്ഷണ നിയമത്തിന്‍റെ ലംഘനം സുപ്രീംകോടതി പരിശോധിച്ചപ്പോഴും പിന്നീട് മൂന്നംഗ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചപ്പോഴുമൊന്നും സ്വന്തംഭാഗം പറയാനുള്ളത് കേട്ടില്ലെന്നാണ് ഫ്ളാറ്റുടമകളുടെ വാദം. തിരുത്തൽ ഹര്‍ജി തുറന്ന കോടതിയിൽ കേട്ട് അതിന് അവസരം നൽകണമെന്നാണ് ഫ്ളാറ്റുടമകൾ ആവശ്യപ്പെടുന്നത്.