തിരുവനന്തപുരം കഴക്കൂട്ടത്ത് കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് 9 വിരലുകള്‍ നഷ്ടമായ സംഭവത്തിൽ സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് 9 വിരലുകള്‍ നഷ്ടമായ സംഭവത്തിൽ സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്നും നീതുവിന് സിവിൽ കേസ് നൽകാമെന്നുമാണ് ബോർഡിന്‍റെ റിപ്പോർട്ട്. ആശയക്കുഴപ്പമുള്ളതിനാൽ വീണ്ടും വിശദീകരണം ചോദിച്ചിരിക്കുകയാണ് കഴക്കൂട്ടം പൊലീസ്. കുളത്തൂരിലെ കോസ്മെറ്റിക് ക്ലിനിക്കിലാണ് ഫെബ്രുവരി 22 ന് ഐടി എഞ്ചിനിയറായ നീതു കൊഴുപ്പുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. തുടര്‍ന്ന് യുവതിയുടെ ഒൻപത് വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു.

ഇന്നും ശസ്ത്രക്രിയകളും തുടർ ചികിത്സയുമായി കഴിയുന്ന നീതുവിൻെറ ആരോഗ്യ അവസ്ഥ ഗുരുതരമായി തുടരുകയാണ്. ഒരു മാസത്തിന് ശേഷമാണ് കഴക്കൂട്ടം പൊലിസിൽ പരാതിയെത്തുന്നതും കേസെടുക്കുന്നതും. ജില്ലാ തല മെഡിക്കൽ ബോർഡ് ചേർന്ന് നൽകിയ റിപ്പോർട്ടും അവ്യക്തമായിരുന്നു. ചികിത്സാപിഴവില്ലെന്നും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസമുണ്ടായെന്നുമായിരുന്നു റിപ്പോർട്ട്. സമിതി അംഗങ്ങള്‍ തമ്മിൽ സമവായമില്ലാത്തതിനാൽ വിഷയം സംസ്ഥാന തല മെഡിക്കൽ ബോർഡിന്‍റെ പരിഗണനക്ക് വിട്ടു. രേഖകള്‍ പ്രകാരം ചികിത്സാപിഴവില്ലെന്നാണ് ബോർഡിന്‍റെ കണ്ടെത്തൽ. അതേ സമയം. ആശുപത്രിക്ക് പിഴവില്ലെന്നു പറയുകയും നഷ്ടപരിഹാരം ആവശ്യപ്പെട്ട സിവിൽ കേസ് കോടതിയിൽ നൽകാമെന്ന് പറയുന്നതിലെയും അവ്യക്ത മാറ്റമെന്നാവശ്യപ്പെട്ടാണ് പൊലീസ് ബോർഡ് അംഗങ്ങള്‍ക്ക് വീണ്ടും കത്തു നൽകിയിരിക്കുന്നത്. ആശുപത്രിയെ സംരക്ഷിക്കാനായി തട്ടികൂട്ട് റിപ്പോർട്ടാണ് നൽകിയിരിക്കുന്നതെന്ന ആരോപണമാണ് നിലവില്‍ ഉയരുന്നത്.

YouTube video player