പ്രവാസിയായ ബൈജു രവീന്ദ്രൻ 2014 ലാണ് എസ്ബിടിയുടെ കാഞ്ഞിരംകുഴി ശാഖയിൽ നിന്നും വീട് പണിക്കായി 8 ലക്ഷം രൂപ ലോണ്‍ എടുത്തത്
കൊല്ലം: ഭവന വായ്പക്കൊപ്പം എടുക്കാത്ത ഇൻഷുറൻസിന്റെ പേരിൽ വീട് ജപ്തി ചെയ്യാൻ ശ്രമിച്ച ബാങ്കിനെതിരെ നിയമയുദ്ധവുമായി ദമ്പതികൾ. അഞ്ചാലുംമൂട് സ്വദേശി ബൈജു രവീന്ദ്രനും ഭാര്യയുമാണ് പരാതിക്കാർ. അനധികൃതമായി വാങ്ങിയ പണം ഇൻഷുറൻസ് കമ്പനി തിരികെ അയച്ചിട്ടും എസ്ബിഐ ഉദ്യോഗസ്ഥർ ഇത് നൽകാതെ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ദമ്പതികളുടെ ആരോപണം.
പ്രവാസിയായ ബൈജു രവീന്ദ്രൻ 2014 ലാണ് എസ്ബിടിയുടെ കാഞ്ഞിരംകുഴി ശാഖയിൽ നിന്നും വീട് പണിക്കായി 8 ലക്ഷം രൂപ ലോണ്‍ എടുത്തത്. എന്നാൽ ലോണ്‍ നടപടികൾക്ക് വന്ന ഉദ്യോഗസ്ഥർ താനറിയാതെ ലൈഫ് ഇൻഷുറൻസ് എടുത്തുവെന്നാണ് ബൈജുവിന്റെ പരാതി. ഇൻഷുറൻസ് എടുത്തതിൻറെ രേഖകൾ ബാങ്ക് ജീവനക്കാർ കൈമാറിയതുമില്ല. കൊവിഡ് കാലത്ത് ബൈജു ലോണ്‍ റീസ്ട്രക്ച്ചർ ചെയ്തു. എന്നാൽ ഈ വര്‍ഷം ജനുവരിയിൽ ഇൻഷുറൻസ് തുക മുടങ്ങിയപ്പോൾ ബാങ്ക് അധികൃതർ വീട്ടിൽ എത്തി. അപ്പോൾ മാത്രമാണ് ഭവന വായ്പ്പയോടൊപ്പം ഇൻഷുറൻസ് കൂടി തന്റെ പേരിലുള്ളതായി ബൈജു അറിയുന്നത്. ഹോം ലോണിനൊപ്പം ഇൻഷുറൻസ് എടുക്കണമെന്നത് നിര്‍ബന്ധമല്ലാതിരിക്കുമ്പോൾ, ബാങ്ക് അധികൃതർ കബളിപ്പിച്ചെന്നാണ് ബൈജുവിന്റെ ആരോപണം.
ഇൻഷുറൻസ് എടുത്തിട്ടില്ലെന്ന് അറിയിച്ചെങ്കിലും പണമടയ്ക്കാൻ ബാങ്ക് സമ്മര്‍ദ്ദം ചെലുത്തി. പതിനേഴായിരം രൂപ പല തവണകളായി എസ്ബിഐ ഉദ്യോഗസ്ഥർ വാങ്ങിയെടുത്തു. ഇൻഷുറൻസ് അടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചെന്നും കുടുംബം പറയുന്നു. ഒരു ലക്ഷം രൂപയിൽ താഴെയുള്ള കുടിശ്ശികക്ക് സര്‍ഫാസി നിയമം ബാധകമല്ലാത്തപ്പോഴാണ് ബാങ്ക് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചത്. ഇതോടെ കുടുംബം നിയമയുദ്ധം തുടങ്ങി. തുടര്‍ന്ന് ഹൈക്കോടതിയിൽ പോയി ജപ്തി നടപടിക്ക് സ്റ്റേ വാങ്ങി.

തന്റെ പേരിൽ അനധികൃതമായി ഇൻഷുറൻസ് എടുത്തുവെന്ന് കാണിച്ച് ബൈജു എസ്ബിഐ ലൈഫിന്റെ മുബൈ ഓഫീസിൽ പരാതി നൽകി. ഉദ്യാഗസ്ഥർക്കുണ്ടായ വീഴ്ച്ച മനസിലാക്കിയ ഇൻഷുറൻസ് കമ്പനി 47000 രൂപ തിരിച്ചു നൽകാനായി എസ്ബിഐ കടവൂർ ശാഖക്ക് കൈമാറി. എന്നാൽ എസ്ബിഐയുടെ ആർഎസിപിസി കൊല്ലം ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇത് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എടുക്കാത്ത ഇൻഷുറൻസിന്റെ പേരിൽ ജപ്തി ഭീഷണി മുഴക്കുകയും വ്യാജ രേഖ ചമയ്ക്കുകയും ചെയ്തെന്ന പരാതി കുടുംബം മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇത് ഡിജിപി താഴെത്തലത്തിൽ പൊലീസിന് കൊടുത്തിട്ടുണ്ടെങ്കിലും ഇതു വരെ കേസെടുത്തിട്ടില്ല. പരിശോധന നടക്കുന്നുവെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. ബൈജുവിന്റെയും കുടുംബത്തിന്റെയും ആരോപണം സംബന്ധിച്ച് എസ്ബിഐയോട് വിശദീകരണം തേടിയെങ്കിലും കോടതിയൽ കേസുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന മറുപടിയാണ് ലഭിച്ചത്.
