കൊച്ചി: കസ്റ്റഡിയിൽ വെച്ച് എൻഫോഴ്സ്മെൻറ്  ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥർ ഭീക്ഷണിപ്പെടുത്തി  മൊഴിയെടുക്കുന്നുവെന്ന് ക്യാമ്പസ് ഫ്രണ്ട്  ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ്. സഹോദരനെയടക്കം യുഎപിഎ കേസിൽ  പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങുന്നതായും റൗഫ് ഷെരീഫ് കോടതിയിൽ പരാതി നൽകി. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത കോടതി ഇത്തരം പരാതികൾ  ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിപ്പ് നൽകി.

ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ ഹത്രസിൽ കലാപത്തിനു ശ്രമിച്ചു എന്ന പേരിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാല് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രണ്ടാഴ്ച മുൻപ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 7 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ റൗഫ് ഷരീഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ റൗഫ് ഷെരീഫ്  എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്ക് നേരിട്ട് പരാതി നൽകിയത്. 

വൈകിട്ട് ആറു മണിക്ക് ശേഷം ചോദ്യംചെയ്യൽ പാടില്ലെന്നിരിക്കേ പലതവണ രാത്രിയും ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയതു. അവർ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് തൻറെ മൊഴിയായി എഴുതിക്കുന്നത്. എനിക്ക് പരിചയം പോലുമില്ലാത്ത ആളുകളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് മൊഴി നൽകാൻ  നിർബന്ധിക്കുകയാണ്.  ഉദ്യോഗസ്ഥർ പറയുന്നത്  അനുസരിച്ചില്ലെങ്കിൽ എൻ്റെ അനുജനെയടക്കം യുഎപിഎ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിരവധി വെള്ളക്കടലാസിൽ ഇഡി ഉദ്യോഗസ്ഥര്‍ ഒപ്പിട്ട് വാങ്ങി. തൻ്റെ മുന്നിൽവച്ച് സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും റൗഫ് ഷരീഫ് ജഡ്ജിയോട് പരാതിപ്പെട്ടു.  

ഇതോടെ കോടതി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ  ശക്തമായി താക്കീത് ചെയ്തു. കോടതിയുടെ കസ്റ്റഡിയിലുള്ള പ്രതികളോട് ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. ഇതുവരെ നടന്നതിനെ കുറിച്ച് താൻ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഭാവിയിൽ ഇത് ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. 

മൂന്നു ദിവസം കൂടി റൗഫ് ഷരീഫിനെ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയിട്ടുണ്ട്. ഇതിനിടെ പോപ്പുലർ ഫ്രണ്ടിൻ്റെ  അക്കൗണ്ടിൽ 100 കോടിയിലധികം രൂപ എത്തിയതായി ഇഡി  കോടതിയെ അറിയിച്ചു. റൗഫ് ഷെരീഫിൻ്റെ നിർദ്ദേശപ്രകാരമാണ് കാമ്പസ് ഫ്രണ്ട് സംഘം  ഹത്രസിലേക്ക് പോയതെന്നും ഈ സംഘത്തിൽ സിദ്ദിഖ് കാപ്പനെ ഉൾപ്പെടുത്തിയത് റൗഫ് ഷെരീഫ് ആണെന്നും ഇഡി കോടതിയെ അറിയിച്ചു.