കൊച്ചി: കോതമംഗലം പള്ളി രണ്ടാഴ്ചയ്ക്കകം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി. പള്ളി കൈമാറിയില്ലെങ്കില്‍ കളക്ടര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കോതമംഗലത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വലിയ തോതില്‍ പൊലീസിനെ വിന്യസിക്കാതെ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാനാവില്ല. 

ശബരിമല ഡ്യൂട്ടിയും, സിഎഎ പ്രക്ഷോഭങ്ങളും നടക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നിത് പരിമിതകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ സുപ്രീം കോടതിയും ഹൈക്കോടതിയും ഉത്തരവിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതി ഉത്തരവ് രണ്ടാഴ്‍ച്ചയ്ക്കകം നടപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഓര്ത്തഡോക്സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

യാക്കോബായ ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ  പള്ളി ഭരണം ഏറ്റെടുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം നേരത്തെ തുടങ്ങിയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ പള്ളിയിലെത്തിയതിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ ഗേറ്റ് പൂട്ടിയതിനാല്‍ പള്ളികവാടത്തില്‍ ആര്‍ഡിഒ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു. ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ നൽകിയ ഹർജിയിൽ ഡിസംബർ 3 നാണ് പള്ളിയുടെ ചുമതല ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്.