Asianet News MalayalamAsianet News Malayalam

Anupama : അമ്മയറിയാതെ മകനെ ദത്ത് നൽകിയ കേസ് : അനുപമയുടെ അച്ഛന് മുൻകൂർജാമ്യമില്ല

അമ്മ അറിയാതെ  വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികൾ. ഇതിൽ അനുപമയുടെ അമ്മയുൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

 

court rejects anupamas father jayachandrans anticipatory bail application
Author
Thiruvananthapuram, First Published Nov 25, 2021, 1:27 PM IST

തിരുവനന്തപുരം: പേരൂക്കട സ്വദേശി അനുപമയുടെ (ANUPAMA) മകന്റെ വിവാദ ദത്ത് (ADOPTION) കേസിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ (anticipatory bail ) കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. ജയചന്ദ്രനെതിരായ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കാവുന്നതാണെന്ന് നിരീക്ഷിച്ച കോടതി, അതിനാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി. മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. 

അമ്മ അറിയാതെ  വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികൾ. ഇതിൽ അനുപമയുടെ അമ്മയുൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ആന്ധ്രാ പ്രദേശിൽ നിന്നുള്ള ദമ്പതികളായിരുന്നു കുഞ്ഞിനെ ദത്ത് എടുത്തത്. ഡിഎൻ എ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേതുമാണെന്ന് വ്യക്തമായി. ഇതോടെ കുഞ്ഞിനെ അനുപമയ്ക്ക്  കോടതിയിടപെട്ട് വിട്ടുനൽകി. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെന്ന  ആവശ്യത്തിൽ അനുപമ ഉറച്ച് നിൽക്കുകയാണ്. വനിത ശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിൽ ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയുണ്ടാകുമോയെന്നതിൽ വ്യക്തതയില്ല. 

അതിനിടെ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയിൽ വീഴ്ചകൾ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുകയാണ് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷിജുഖാന്‍ തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നുമാണ് ആനാവൂർ ആവർത്തിച്ചത്. വനിതാ ശിശുവികസന ഡയറക്ടർ ടിവി അനുപമയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോർട്ട് വന്നാൽ നടപടി ആലോചിക്കാം. അത് വരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios