Asianet News MalayalamAsianet News Malayalam

പന്തീരങ്കാവ് കേസ്: അലനും താഹയ്ക്കും ജാമ്യമില്ല, കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി

കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ 

court rejects bail petition of alan  and taha fazal
Author
Court Complex, First Published Nov 6, 2019, 11:31 AM IST

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത അലന്‍ ഷുഹൈബിന്‍റേയും താഹ ഫസലിന്‍റേയും ജാമ്യാപേക്ഷ കോടതി തള്ളി. യുഎപിഎ ചുമത്തിയ കേസായാതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും പ്രതികള്‍ പുറത്തു പോകുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.  കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എംകെ ദിനേശന്‍ പറഞ്ഞു. 

ഇന്ന് രാവിലെ കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിച്ചു വരുത്തിയിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹിന്ദു ഐക്യവേദി കോടതിയില്‍ ഹാജരാവുകയും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കുകയും ചെയ്തെങ്കിലും ഇതിനെ പ്രോസിക്യൂക്ഷന്‍ ശക്തമായി എതിര്‍ത്തു. 

ഇതു രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കേസ് സംസ്ഥാന സര്‍ക്കാരിന്‍റെയല്ലാതെ മറ്റു സംഘടനകളുടെ താത്പര്യം പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനുവാണ് ജാമ്യാപേക്ഷക്കെതിരെ കോടതിയില്‍ ഹർജി നൽകിയത്.അലനോടും താഹയോടും സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംസാരിക്കാമെന്ന് കോടതി അറിയിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി അനിതയാണ്  കേസ് പരിഗണിച്ചത്. 

സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുക. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ. കേസിലെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തേക്കാള്‍ ഉപരി യുഎപിഎ വകുപ്പ് ചുമത്തിയതാണ് ജാമ്യം നിഷേധിക്കപ്പെടുന്നതില്‍ നിര്‍ണായകമായതെന്നാണ് പറയപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios