തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനിനെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മുബീനിനെ വിയ്യൂർ ജയിലിലേക്ക് മാറ്റും.

ഗുരുവായൂരിൽ ഒളിവിൽ കഴിയുകയായിരുന്ന മുബീനിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. വൈദ്യ പരിശോധനക്ക് ശേഷം വടക്കാഞ്ചേരി മജിസ്‌ട്രേറ്റ്ന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി പൊലീസ് തുടങ്ങി. 

ചാവക്കാട് മജിസ്‌ട്രേറ്റ് അവധി ആയതിനാൽ ആണ് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ്നു മുന്നിൽ ഹാജരാക്കിയത്. ആക്രമണത്തിൽ  നേരിട്ട് പങ്കെടുത്ത ഇയാളിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ മുബീൻ വെളിപ്പെടുത്തിയിട്ടുണ്ട്. എസ്ഡിപിഐ പ്രവർത്തകനായ നസീബിനെ നൗഷാദിന്റെ സംഘം  ആക്രമിച്ചതാണ് കൊലയ്ക്കു കാരണമെന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
 
നൗഷാദിന്റെ സ്വാധീനം കാരണം എസ്ഡിപിഐയിൽ  നിന്ന് നിരവധി യുവാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതും നൗഷാദിനോടുള്ള  പക കൂടാൻ ഇടയാക്കി. എസ്ഡിപിഐ പ്രാദേശിക നേതൃത്വത്തിൽ ചിലരുടെ അറിവോടെ ആയിരുന്നു ആക്രമണം. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ കുടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.